അടൂർ ഗോപാലകൃഷ്ണൻ റോഡിൽ ഉയിരെടുക്കും തടിലോറികൾ

Wednesday 28 January 2026 12:54 AM IST

അടൂർ: മണക്കാല - അടൂർ ഗോപാലകൃഷ്ണൻ റോഡിൽ അമിതമായ രീതിയിൽ തടി കയറ്റിവരുന്ന ലോറികൾ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പരാതി. പ്രദേശത്തെ വൈദ്യുതി ലൈനുകളേക്കാൾ ഉയരത്തിലാണ് ലോറിയിൽ തടി കയറ്റിവരുന്നത്. റോഡിന്റെ പല ഭാഗത്തും തടിയും ലൈൻ കമ്പിയും തമ്മിൽ ഉരസി അപകടങ്ങളും പതിവാണ്.

വൈദ്യുതി പ്രവഹിക്കുന്ന ലൈനിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് ലോറിയിലെ തൊഴിലാളികൾ ലോറിക്ക് മുകളിൽ കയറി കമ്പും മറ്റും ഉപയോഗിച്ച് ലൈൻ മാറ്റാൻ ശ്രമിക്കുന്നത്. ഇന്നലെ ലോഡുമായെത്തിയ ലോറി വൈദ്യുതി ലൈനിൽ തട്ടി പൊട്ടിക്കുന്ന സ്ഥിതിയിലെത്തി. തൊഴിലാളികൾ വടം ഉപയോഗിച്ച് വൈദ്യുതി ലൈനുകൾ അപകടകരമായ രീതിയിൽ വലിച്ചുമാറ്റിയാണ് ലോറിയെ കടത്തിവിട്ടത്. നാട്ടുകാരിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല.

മുമ്പും സമാനരീതിയിൽ ലോറികൾ കടന്നുപോയപ്പോൾ വലിഞ്ഞ് താഴ്ന്ന ലൈനുകൾ കെ.എസ്.ഇ.ബി തൊഴിലാളികൾ ഉയർത്തി കെട്ടിയത് അടുത്തിടെയാണ്. വായനശാല ജംഗ്ഷന് സമീപത്തെ ട്രാൻസ്‌ഫോർമറിനും റോഡിനും കുറുകെയുള്ള ലൈനുകൾ താഴ്ന്നുകിടക്കുന്നതിനാൽ കൂടുതൽ അപകടങ്ങൾക്ക്‌ സാദ്ധ്യത ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

രാത്രികാലങ്ങളിൽ തുടർച്ചയായി അപകടകരമായ രീതിയിൽ അമിതഭാരം കയറ്റിയ തടി ലോറികൾ കടന്നുപോകുന്നുണ്ട്. അധികൃതർ നടപടി സ്വീകരിക്കണം.

ആർ.രജിത്ത് കുമാർ നേന്ത്രപ്പള്ളിൽ,

പ്രദേശവാസി