പട്ടണത്തിലെ കെ.ഐ.പി കാട് നീങ്ങും, ഹൈടെക് പദ്ധതികൾ ഉടൻ
കൊല്ലം: കൊട്ടാരക്കര ടൗണിൽ കാലങ്ങളായി ഉപയോഗമില്ലാതെ കാടുമൂടുന്ന കെ.ഐ.പി വക ഭൂമിയിൽ വികസന പദ്ധതികളെത്തുന്നു. നഗരസഭ ഓഫീസ് സമുച്ചയമടക്കം ഇവിടെ ഉയരും. സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ഇറിഗേഷൻ പദ്ധതിക്ക് ഓഫീസും ക്വാർട്ടേഴ്സുകളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയത് പ്രധാനമായും കൊട്ടാരക്കരയാണ്. അന്ന് ഇവിടം സജീവമായിരുന്നുവെങ്കിലും ഇപ്പോൾ ഓഫീസ് പ്രവർത്തനം മാത്രമായി ചുരുങ്ങിയിട്ടുണ്ട്. ക്വാർട്ടേഴ്സുകളും മറ്റും നശിച്ചു. കാട് മൂടി നശിക്കുന്ന സ്ഥിതിയിലേക്ക് എത്തിയപ്പോഴാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് ഇവിടം വികസന പദ്ധതികൾക്കായി അനുവദിപ്പിച്ചത്. മന്ത്രി റോഷി അഗസ്റ്റിനുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നടത്തിയ നിരന്തര ചർച്ചകളിലാണ് ഇവിടുത്തെ ഭൂമി വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചുകിട്ടിയത്. എം.സി റോഡും കൊല്ലം-തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന ഭാഗത്താണ് കെ.ഐ.പി കോമ്പൗണ്ട്.
നഗരസഭയ്ക്ക് ആസ്ഥാന മന്ദിരം
കൊട്ടാരക്കര നഗരസഭയ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാനായി 50 സെന്റ് ഭൂമിയാണ് കെ.ഐ.പി വളപ്പിൽ നിന്നും അനുവദിച്ചത്. ഇവിടെ 31,000 ചതുരശ്ര അടി വിസ്തീർണമുള്ള ബഹുനില കെട്ടിട സമുച്ചയമാണ് ഉയരുക. നവംബറിൽ നിർമ്മാണ ഉദ്ഘാടനം നടത്തിയിരുന്നുവെങ്കിലും പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിലും മരങ്ങൾ മുറിക്കുന്നതിലും ചില്ലറ താമസം നേരിട്ടു. ഉടൻ നിർമ്മാണ ജോലികൾ തുടങ്ങും. 10.5 കോടി രൂപയാണ് ആദ്യം അനുവദിച്ചത്. 15 കോടി രൂപവരെയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഐ.ടി പാർക്ക്
കൊട്ടാരക്കരയിലേക്ക് അനുവദിച്ച ഐ.ടി പാർക്ക് കെ.ഐ.പി വളപ്പിലാണ് നിർമ്മിക്കുന്നത്. ഇതിനായി 80 കോടി രൂപയാണ് അനുവദിച്ചത്. 8 നിലകളിലായി 97,370 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഉയരുക. സ്റ്റീൽ ഉപയോഗിച്ചുള്ള നിർമ്മാണമാണ് കൂടുതലും. അതുകൊണ്ടുതന്നെ വളരെവേഗം നിർമ്മാണം പൂർത്തിയാക്കാനാകും. 1500 പേർക്ക് തൊഴിൽ ലഭിക്കുംവിധമാണ് ലക്ഷ്യമിടുന്നത്.
മുൻസിപ്പൽ സ്ക്വയർ
കെ.ഐ.പി വളപ്പിൽത്തന്നെ പാർക്കും മുൻസിപ്പൽ സ്ക്വയറും ഓപ്പൺ ജിംനേഷ്യവും ഓപ്പൺ എയർ ഓഡിറ്റോറിയവും സ്ഥാപിക്കും. ഇതിനായി 63 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
മറ്റ് സൗകര്യങ്ങളുമെത്തും
ഐ.ടി പാർക്കും നഗരസഭ ഓഫീസ് സമുച്ചയവും ഇവിടെ എത്തുന്നതോടെ കെ.ഐ.പി വളപ്പാകെ സജീവമാകും. റസ്റ്റ് ഹൗസ്, കാന്റീൻ, സ്വിവറേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, വിശ്രമ കേന്ദ്രങ്ങൾ, ലൈബ്രറി എന്നിവയെല്ലാം ഇവിടേക്ക് എത്തും.
കെ.ഐ.പി വക ഭൂമി വിവിധ ആവശ്യങ്ങൾക്കായി വിട്ടുനൽകിയത് വലിയ തോതിൽ ഗുണകരമാകും. ഐ.ടി പാർക്ക് വലിയ സാദ്ധ്യതകൾ നൽകുന്നതാണ്. നാടിന് സമാനതകളില്ലാത്ത വികസനം ഉടൻ സാദ്ധ്യമാകും.
കെ.എൻ.ബാലഗോപാൽ, മന്ത്രി