മത്സ്യം ഉള്‍പ്പെടെ മൂന്ന് മേഖലകള്‍, കുതിപ്പിന് ഒരുങ്ങി കേരളം

Wednesday 28 January 2026 12:01 AM IST

മത്സ്യ, സുഗന്ധവ്യഞ്ജന, കയര്‍ മേഖലകള്‍ക്ക് കരുത്താകും

കൊച്ചി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവയ്ക്കാനൊരുങ്ങുന്ന സ്വതന്ത്ര വ്യാപാര കരാര്‍ കേരളത്തിലെ പരമ്പരാഗത, കാര്‍ഷിക വ്യവസായ മേഖലകള്‍ക്ക് വന്‍ നേട്ടമാകും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയില്‍ പ്രതിസന്ധിയിലായ സമുദ്രോത്പന്ന, കയര്‍, സുഗന്ധ വ്യഞ്ജന, ടെക്സ്‌റ്റൈയില്‍ തുടങ്ങിയ മേഖലകള്‍ക്ക് വിപണി വികസിപ്പിക്കുന്നതിനും തിരിച്ചടി മറികടക്കുന്നതിനും പുതിയ വ്യാപാര കരാര്‍ അവസരമൊരുക്കും.

ഇന്തോനേഷ്യ, വിയറ്റ്നാം, ശ്രീലങ്ക, ബംഗ്‌ളാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഉത്പന്നങ്ങളുമായി ശക്തമായ മത്സരിക്കാന്‍ കേരളത്തിലെ കയറ്റുമതിക്കാര്‍ക്ക് കഴിയും. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയില്‍ 7,500 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക് കരാറിന്റെ പ്രയോജനം ലഭിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ സമുദ്രോത്പന്ന, കയര്‍, ടെക്സ്‌റ്റൈയില്‍ കയറ്റുമതിക്കാര്‍ക്ക് യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ നാമമാത്രമായ തീരുവയോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കരാര്‍ വഴിയൊരുക്കും. ഇടുക്കി, വയനാട് കര്‍ഷകര്‍ക്കും മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

വിപുലമായ നേട്ടങ്ങള്‍

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങി 12 സംസ്ഥാനങ്ങളിലെ കയറ്റുമതിക്കാര്‍ക്ക് വ്യാപാര കരാര്‍ വിപുലമായ അവസരങ്ങള്‍ തുറന്നിടും. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മുതല്‍ പരമ്പരാഗത തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും കരാറിലൂടെ വന്‍ നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പഠനത്തിനും തൊഴില്‍ തേടിയും യൂറോപ്പിലേക്ക് ചേക്കേറാന്‍ നടപടി ക്രമങ്ങള്‍ ലളിതമാകും.

യൂറോപ്പിന് വലിയ അവസരം

ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയാണ് കരാറിലൂടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തുറന്ന് കിട്ടുന്നത്. പ്രീമിയം കാറുകളും സ്‌കോച്ച് വിസ്‌കിയും പ്രീമിയം യൂറോപ്യന്‍ വൈനും ശിതീകരിച്ച ഭക്ഷ്യ ഉത്പന്നങ്ങളും ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് അവസരമൊരുങ്ങും.

തീരുവ ഇളവ് ലഭിക്കുന്ന കേരള ഉത്പന്നങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തേയില, കുരുമുളക്, കാപ്പി, തുണിത്തരങ്ങള്‍, കയര്‍, കശു അണ്ടി, സ്വര്‍ണാഭരണങ്ങള്‍

കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്ന അധിക നേട്ടം

6.4 ലക്ഷം കോടി രൂപ

നിലവില്‍ ഇന്ത്യയുടെ യൂറോപ്യന്‍ കയറ്റുമതി

6.97 ലക്ഷം കോടി രൂപ