വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഇനി പൂർണമായും ഡിജിറ്റൽ

Wednesday 28 January 2026 12:51 AM IST

കൊല്ലം: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ.ടി.എസ്) മാർച്ചിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ, സംസ്ഥാനത്തെ വാഹന ഫിറ്റ്നസ് പരിശോധനകൾ പൂർണമായും ഡിജിറ്റലാകും.

കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം (സി.എം.വി.ആർ) അനുസരിച്ചാണ് എ.ടി.എസ് പ്രവർത്തിക്കുക. ആർ.ടി.ഒ ഓഫീസുകളിലെ ഉദ്യോഗസ്ഥർ നേരിട്ട് നടത്തിവന്ന പരമ്പരാഗത ഫിറ്റ്നസ് പരിശോധനകൾക്ക് പകരമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സംവിധാനം. ഒന്നര ഏക്കർ ഭൂമിയിലാണ് ഓരോ എ.ടി.എസും പ്രവർത്തിക്കുക. പതിനായിരം ചതുരശ്ര അടി വിസ്തീർണം. പരിശോധനയ്ക്കായി വാഹനം സെൻസർ സംവിധാനമുള്ള ട്രാക്കിലേക്ക് പ്രവേശിപ്പിച്ചാൽ 10 മിനിട്ടിനുള്ളിൽ പരിശോധന പൂർത്തിയാകും. പരിശോധനാ ഫലങ്ങൾ തത്സമയം തന്നെ ഡിജിറ്റൽ റിപ്പോർട്ടായി ലഭ്യമാകും. വാഹനത്തിന്റെ റോഡ് സുരക്ഷയും യന്ത്ര ക്ഷമതയും ഉറപ്പാക്കുന്ന തരത്തിൽ ആറ് പ്രധാന ഘടകങ്ങളാണ് എ.ടി.എസ് പരിശോധനയിലുള്ളത്.

സുതാര്യമായ പരിശോധന

മനുഷ്യ സഹജമായ പിശകുകൾ, അനധികൃത ഇടപെടൽ വഴിയുള്ള 'കണ്ണടയ്ക്കൽ' എന്നിവ ഒഴിവാക്കി വാഹനങ്ങളുടെ യഥാർത്ഥ ഗുണനിലവാരം ഉറപ്പാക്കാൻ എ.ടി.എസ് വഴിയുടെ വാഹന പരിശോധനയ്ക്ക് കഴിയും. ഇതുവഴി റോ‌ഡ് അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനും കഴിയും. ഹൈ റെസൊല്യൂഷൻ ക്യാമറകളും സെൻസറുകളും വഴി ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് കേന്ദ്ര സർക്കാരിന്റെ 'വാഹൻ 'സെർവറിലേക്ക് കൈമാറും. റിപ്പോർട്ട് ജനറേറ്റ് ചെയ്യുന്നതുവരെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാൽ ബാഹ്യ ഇടപെടലുകൾ സാദ്ധ്യമല്ല. ടെസ്റ്റ് പാസ് ആയില്ലെങ്കിൽ പിഴവുകൾ തിരുത്തി റീ ടെസ്റ്റ് ചെയ്യാൻ കഴിയും. പരിശോധനയിലെ കൃത്യത ഉറപ്പാക്കാൻ ആറുമാസത്തിലൊരിക്കൽ പ്രത്യേക ഓഡിറ്റിംഗ് നടത്തും. എ.ടി.എസിൽ നിന്ന് ലഭിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യയിലെവിടെയും സാധുതയുണ്ടായിരിക്കും.

ജില്ലയിൽ 2 കേന്ദ്രങ്ങൾ

ഓരോ ജില്ലയിലും 2 എന്ന നിലയിൽ സംസ്ഥാനത്ത് 28 പരിശോധനാ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക. കൊല്ലം പൂയപ്പള്ളിയിലും ശാസ്താംകോട്ട ഭരണിക്കാവിലുമാണ് എ.ടി.എസുകൾ മാർച്ചിൽ പ്രവർത്തനം തുടങ്ങുന്നത്. കൊല്ലം യൂണിയൻ ഡ്രൈവിംഗ് സ്കൂളിന്റെ നേതൃത്വത്തിലുള്ള യൂണിയൻ അസോസിയേറ്റ്സ് ആണ് ഇവ രണ്ടും പ്രവർത്തിപ്പിക്കുന്നത്.

പരി​ശോധനകൾ പലവി​ധം

 ബ്രേക്കിന്റെ കൃത്യത അളക്കുന്നതിനുള്ള ഓട്ടോമേറ്റഡ് ബ്രേക്ക് ടെസ്റ്റ്

 പരിസ്ഥിതി മാനദണ്ഡങ്ങൾ അനുസരിച്ച് പുക പരിശോധന

 വാഹനത്തിന്റെ ഷോക് അബ്സോർബറുകളുടെ ശേഷി വിലയിരുത്തുന്ന സസ്പെൻഷൻ ടെസ്റ്റ്

 ടയറുകളുടെ തേയ്‌മാനവും ദിശയും പരിശോധിക്കുന്ന സ്റ്റിയറിംഗ് അലൈൻമെന്റ് ടെസ്റ്റ്

 വേഗത രേഖപ്പെടുത്തുന്നതിലെ കൃത്യത ഉറപ്പാക്കുന്ന സ്പീഡോമീറ്റർ പരിശോധന

 ഹൈ റെസല്യൂഷൻ കാമറകൾ ഉപയോഗിച്ച് വാഹനത്തിന്റെ അടിഭാഗങ്ങൾ നിരീക്ഷിക്കുന്ന അണ്ടർ ബോഡി ടെസ്റ്റ്

 സൈഡ് സ്ലിപ്പ് ടെസ്റ്റ്, ഹെഡ് ലൈറ്റ് ബീം ടെസ്റ്റ്, നോയ്സ് ടെസ്റ്റ് എന്നിവയുമുണ്ടാകും

 എ.എഫ്.എം.എസ് പോർട്ടൽ വഴി മുൻകൂട്ടി തീയതിയും സമയവും എടുത്തശേഷം ടെസ്റ്റിന് വാഹനങ്ങൾ ഹാജരാക്കണം