ചരിത്രത്തിലേക്ക് കയറി സ്വർണം; പവന് ഒറ്റയടിക്ക് കൂടിയത് 2,360 രൂപ, വെള്ളിയിലും നിരാശ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻകുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയും ഗ്രാമിന് 295 രൂപ വർദ്ധിച്ച് 15,140 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. ജനുവരി 26, 27 ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. അന്ന് പവന് 1,18,760 രൂപയും ഗ്രാമിന് 14,845 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയ ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു. 27 ദിവസം കൊണ്ട് പവൻ വിലയിൽ 22,080 രൂപയും ഗ്രാമിന് 2,760 രൂപയും വർദ്ധിച്ചു.
ഗ്രീന്‍ലാന്‍ഡിനെച്ചൊല്ലി യുഎസും നാറ്റോയും തമ്മിലുള്ള പുതിയ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സ്വർണവില കുതിച്ചുയര്‍ന്നത്. ഇന്ത്യയില്‍ സ്വര്‍ണവില നിര്‍ണയിക്കുന്നത് ആഗോളവും പ്രാദേശികവുമായ ഘടകങ്ങളാണ്. അന്താരാഷ്ട്ര സ്വര്‍ണവില, യുഎസ് ഡോളറിന്റെ മൂല്യം, ആഭരണങ്ങള്‍ക്കായുള്ള പ്രാദേശിക ഉപഭോഗം, ഇതെല്ലാം സ്വര്‍ണത്തിന്റെ ആന്തരിക മൂല്യം നിര്‍ണയിക്കുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ജനുവരിയിൽ ഇതുവരെ 36,400 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റുമാറിയത്. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തിയതും തിരിച്ചടിയായതും വില കൂടാൻ കാരണമായിട്ടുണ്ട്.
അതേസമയം, ഇന്നത്തെ വെള്ളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 400 രൂപയും കിലോഗ്രാമിന് 4,00,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 387 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.