ഫാക്ട് ക്വാർട്ടേഴ്സുകൾ ഓർമ്മയാകുന്നു; മധുരസ്മരണകളോടെ മുൻ താമസക്കാർ

Wednesday 28 January 2026 6:43 PM IST

കളമശേരി: അവസാനമായി ഒരുനോക്കു കാണാൻ എത്തുന്നതുപോലെയാണ് ഫാക്ട് ക്വാർട്ടേഴ്സുകൾ തകർന്നു വീഴുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ മുൻ താമസക്കാർ ഓടിയെത്തുന്നത്. യന്ത്രസഹായത്താൽ തകർന്നു വീഴുന്ന ക്വാർട്ടേഴ്സുകൾ കണ്ട് പ്രവാസിയായ ഡേവിഡ് പൊട്ടിക്കരഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ടൗൺഷിപ്പിൽ ഒ.ഡി. 13-ാം നമ്പർ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഡേവിഡിന്റെ മുഖത്ത് സങ്കടക്കടൽ. നാലു പതിറ്റാണ്ട് താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ജെ.സി.ബി ഉപയോഗിച്ച് കരാറുകാരൻ പൊളിച്ചുമാറ്റുന്നത് കണ്ടുനിൽക്കാനായില്ല. ഡേവിഡിന്റെ പിതാവ് കൊച്ചുകുട്ടിയുടെ പേരിലായിരുന്നു ക്വാർട്ടേഴ്സ്. തൊട്ടടുത്ത 12-ാം നമ്പറിലായിരുന്നു ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ളയുടെ ചെറുപ്പകാലം. അദ്ദേഹത്തിന്റെ പിതാവും മുൻ ഫാക്ട് ജീവനക്കാരനാണ്. മുൻ പൊലീസ് കമ്മീഷണർ വിനോദ് തോമസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കഥകളി കലാകാരിയും തൃപ്പൂണിത്തുറ മുൻ ചെയർപേഴ്സണുമായ രഞ്ജിനി തുടങ്ങിയവരെല്ലാം ഓടിക്കളിച്ചു വളർന്ന ടൗൺഷിപ്പാണിത്. കലാമണ്ഡലം കേശവൻ, കലാമണ്ഡലം കരുണാകരൻ, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി എന്നിവർ താമസിച്ചിരുന്നതും ഒ.ഡി.യോടു ചേർന്നുള്ള ക്വാർട്ടേഴ്സിലായിരുന്നു. കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ചന്ദ്രിക എന്നിവർ താമസിച്ചിരുന്ന എക്സ് ടൈപ്പ് ക്വാർട്ടേഴ്സുകൾ മുൻപേ തകർന്നുവീണു.

ഏകദേശം 150ഓളം വരുന്ന ഒ.ഡി ക്വാർട്ടേഴ്സുകളിൽ വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ് ആൾത്താമസം. കാടു കയറി ജീർണാവസ്ഥയിലായതോടെയാണ് ഇവ പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. കമ്പനിയുടെ പ്രതിസന്ധിയെത്തുടർന്ന് അറ്റകുറ്റപ്പണികൾ മുടങ്ങിയതും ജീവനക്കാരുടെ എണ്ണം കുറഞ്ഞതോടെ താമസിക്കാൻ ആളില്ലാതായതുമാണ് ഇതിന് കാരണം.

ആദ്യ ടെൻഡറിൽ 34 എണ്ണം പൊളിച്ചുകൊണ്ടിരിക്കുന്നു. ഫാക്ട് ട്രെയിനിംഗ് സെന്ററിന് സമീപമുള്ള ബാരക്ക് പൊളിച്ചുകഴിഞ്ഞു. സമീപമുള്ള ഡി. ടൈപ്പുകളും പൊളിക്കാൻ കരാറായി. പി.സി.ബിക്കടുത്ത് എസ് 4-ഉം പൊളിച്ചുമാറ്റി. ഘട്ടംഘട്ടമായി ടെൻഡറുകൾ വിളിച്ചാണ് പൊളിച്ചുമാറ്റൽ പ്രക്രിയ നടക്കുന്നത്.

ബാല്യ കൗമാര യൗവ്വനകാലം ചെലവഴിച്ച കമ്പനി ക്വാർട്ടേഴ്സുകൾ പൊളിക്കുന്നതറിഞ്ഞ് വിദൂരങ്ങളിൽനിന്നും ആളുകളെത്തുന്നു. മധുരസ്മരണകൾ അയവിറക്കി ദുഃഖത്തോടെയാണ് ഇവർ മടങ്ങുന്നത്.

ക്വാർട്ടേഴ്സുകൾ പൊളിച്ചുമാറ്റാൻ തീരുമാനമായ വാർത്ത ആറു മാസം മുമ്പ് കേരളകൗമുദി നൽകിയിരുന്നു.