സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ ഇരുപതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്, നേതാക്കളുടെ ഓഫീസിലും വീടുകളിലും പരിശോധന
കൊച്ചി: കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പി.എഫ്.ഐ) കേരളത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ജില്ലകളിൽ റെയ്ഡ് നടത്തി. തൃശൂർ, എറണാകുളം ജില്ലകളിലായി ഇരുപതോളം കേന്ദ്രങ്ങളിലായിരുന്നു എൻ.ഐ.എ പരിശോധന നടത്തിയത്. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച പരിശോധന ബുധനാഴ്ച പുലർച്ചെ വരെ നീണ്ടു.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന ആരോപണങ്ങളെ കുറിച്ചുമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് എൻ.ഐ.എ പരിശോധന നടന്നത് എന്നാണ് വിവരം. പോപ്പുലർ ഫ്രണ്ടിന്റെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയുടെയും മുൻഭാരവാഹികളുടെ വീടുകളും ഓഫീസുകളും ലക്ഷ്യമിട്ടായിരുന്നു എൻ.ഐ.എ പരിശോധന. എറണാകുളം, തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിലും സമാനമായ റെയ്ഡുകൾ നടന്നതായാണ് വിവരം. ഒളിവിൽ കഴിയുന്ന ആറ് പ്രതികളെ കേന്ദ്രീകരിച്ചായിരുന്നു റെയ്‌ഡ്. ഇവർ പി.എഫ്.ഐ കേസുകളിലും പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് എ. ശ്രീനിവാസൻ വധക്കേസിലും പ്രതികളാണ്.