ഫാസിസം ആളിക്കത്താൻ അനുവദിക്കരുത്: അരുന്ധതി റോയി

Thursday 29 January 2026 12:10 AM IST

തിരുവനന്തപുരം: ഫാസിസം വളരുന്നത് നോക്കിയിരിക്കാൻ എഴുത്തുകാർക്കാവില്ലെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി പറഞ്ഞു. ഫാസിസം അപകടകരമായ രീതിയിലെത്തിക്കഴിഞ്ഞു. ആഘോഷങ്ങളിലും ബാറുകളിലും ബോളിവുഡിലും ദൈനംദിന സംഭാഷണങ്ങളിലുമെല്ലാം ഫാസിസം ആശങ്കയുയർത്തുന്ന വിധത്തിലാണ്. അതിന്റെ തീ കേരളത്തിൽ ആളിക്കത്തിക്കാൻ അനുവദിക്കരുത്. അങ്ങനെയുണ്ടായാൽ കേരളം ലെബനോൻ ആയി മാറുമെന്നും അരുന്ധതി റോയി പറഞ്ഞു.

മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം കവി കെ.ജയകുമാറിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. ഓരോ തവണയും കേരളത്തിലേക്ക് ബാഗ് പായ്ക്ക് ചെയ്യുമ്പോൾ വീട്ടിലേക്ക് പോകുന്നതുപോലെയാണ് തോന്നാറുള്ളതെന്നും അരുന്ധതി പറഞ്ഞു.

സെലിബ്രിറ്റി പ്രതിച്ഛായയുടെ ബന്ധനങ്ങളിൽ നിന്ന് വിട്ടുമാറി തന്റെ രചനയിലും പൊതുസ്ഥാനങ്ങളിലുമെല്ലാം സ്വതന്ത്രാത്മാവായി നിലകൊള്ളുന്ന എഴുത്തുകാരിയാണ് അരുന്ധതി റോയിയെന്ന് ജയകുമാർ പറഞ്ഞു.

മലയാറ്റൂർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് നൗഷാദ് എം.അലി അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, നടൻ ജയറാം, ജൂറി ചെയർമാൻ ഡോ.വി.രാജാകൃഷ്ണൻ, ചിത്രകാരൻ ബി.ഡി.ദത്തൻ, മലയാറ്റൂർ ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ.ശ്രീകുമാർ, സി.റഹീം, ജോൺ തോമസ് തുടങ്ങിയവർ സംസാരിച്ചു.