പുനലൂർ-കുമ്പഴ റോഡിൽ ആവർത്തിച്ച് അപകടങ്ങൾ
കോന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുനലൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിൽ ദിവസവും ചെറുതും വലുതുമായ അപകടങ്ങൾ പതിവാകുന്നു. സംസ്ഥാന പാത വികസനം പൂർത്തിയായതോടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്.
എം.സി റോഡിലൂടെ സഞ്ചരിച്ചിരുന്ന പല വാഹനങ്ങളും ഇപ്പോൾ ഈ പാതയെയാണ് ആശ്രയിക്കുന്നത്. കൂടൽ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ അപകടങ്ങൾ. വാഹനങ്ങളുടെ അമിതവേഗതയാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് പൊലീസും നാട്ടുകാരും പറയുന്നു. കൂടൽ, മുറിഞ്ഞകൽ, എലിയയ്ക്കൽ, കോന്നി ടൗൺ, മാമൂട്, ഇളകൊള്ളൂർ എന്നിവിടങ്ങളിൽ അപകടങ്ങൾ പതിവാണ്.
കഴിഞ്ഞ ദിവസം കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ട മാമൂട്ടിലെ വളവിലും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2006ൽ കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. 2025ൽ തമിഴ്നാട്, കടയിലെല്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് 14 വയസുകാരി മരിച്ചിരുന്നു. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഉള്ളവരും തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ ഉള്ളവരും കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്ക് പോകാൻ പതിവായി ഈ പാതയാണ് ഉപയോഗിക്കുന്നത്.
ട്രാഫിക് സിഗ്നൽ ഇല്ല
കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ഇല്ലാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു
കോന്നി-പത്തനാപുരം റോഡും കോന്നി-കുമ്പഴ റോഡും കോന്നി-ചന്ദനപ്പള്ളി റോഡും കോന്നി-തണ്ണിത്തോട് റോഡും ചേരുന്ന സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണം
താലൂക്ക് വികസന സമിതി യോഗങ്ങളിലെയും ഗതാഗത അവലോകന യോഗങ്ങളിലെയും ആവശ്യം പരിഗണിക്കുന്നില്ല
രാവിലെയും വൈകിട്ടും ഇവിടങ്ങളിൽ ഗതാഗതക്കുരുക്ക് പതിവ്
ശബരിമല തീർത്ഥാടന സമയത്ത് ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിക്കുന്നു
പുനലൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിൽ സ്ഥിരം അപകട മേഖലകളുണ്ട്. അടിയന്തര പരിഹാരം കാണണം.
പത്മകുമാർ സോമൻ,
പ്രദേശവാസി
സംസ്ഥാനപാതയിൽ വാഹനാപകടങ്ങൾ വർദ്ധിച്ചിട്ടും കോന്നി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ നടപടിയില്ല.
എം.എ.ബഷീർ, പ്രദേശവാസി