ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത: വെള്ളാപ്പള്ളി
ചങ്ങനാശ്ശേരി: എൻ.എസ്.എസുമായി മാത്രമുള്ള ഐക്യമല്ല എസ്.എൻ.ഡി.പി യോഗം ലക്ഷ്യമിടുന്നതെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നായാടി മുതൽ നസ്രാണിവരെയുള്ളവരുടെ കൂട്ടായ്മയാണത്. ഈ തീരുമാനം കഴിഞ്ഞദിവസമുണ്ടായതല്ല. വർഷങ്ങൾക്കു മുമ്പേയെടുത്തതാണ്. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മുസ്ലിംസമുദായത്തിന് താൻ ഒരിക്കലും എതിരല്ല. കൂടെക്കൂട്ടി ചതിച്ചതിനാലാണ് മുസ്ലിം ലീഗിനെതിരെ പറഞ്ഞത്. താൻ പറഞ്ഞത് സത്യമോ അസത്യമോ എന്ന് തെളിയിക്കാൻ സംവാദത്തിന് തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പദ്മഭൂഷൺ സമുദായത്തിന്
സമുദായത്തിനായുള്ള സംഘടനാക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പദ്മഭൂഷൺ പുരസ്‌കാരമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതു തനിക്കു വ്യക്തിപരമായുള്ളതല്ല, സമൂദായത്തിനുള്ളതാണ്. കഴിവിനും അഭിനയമികവിനുമാണ് മമ്മൂട്ടിക്ക് പദ്മഭൂഷൺ നൽകിയത്. തനിക്ക് അങ്ങനെയല്ല, സാധാരണക്കാരായ സമുദായാംഗങ്ങളെ ചേർത്തുനിറുത്തി നടത്തിയ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം കിട്ടിയത്. ഇതു സമുദായത്തിനും ഗുരുവിന്റെ പാദങ്ങളിലും സമർപ്പിക്കുന്നു.
സീറോ ആയിരുന്ന വെള്ളാപ്പള്ളിയെ ഹീറോയാക്കിയത് സമുദായാംഗങ്ങളാണ്. യുദ്ധം ചെയ്യുകയോ മതവിദ്വേഷം വളർത്തുകയോ അല്ല തന്റെ ലക്ഷ്യം. സമുദായത്തിന് അർഹമായത് മടിയില്ലാതെ ആർക്കുമുന്നിലും ചോദിക്കും. തന്റെ ചോരയ്ക്കുവേണ്ടി കള്ളത്തരങ്ങൾ പ്രചരിപ്പിച്ചവർക്കും റേറ്റിംഗ് കൂട്ടാൻ അസത്യങ്ങൾ പ്രചരിപ്പിച്ച ചാനലകാർക്കും ഉള്ള മറുപടിയാണ് ഈ അംഗീകാരം. കള്ളന്മാരുടെ പിന്തുണയിലുള്ള ചാനൽവരെ തനിക്കെതിരെ കള്ളങ്ങൾ പ്രചരിപ്പിച്ചു. അതിനെയെല്ലാം അതിജീവിച്ചത് സമുദായം നൽകിയ കരുത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.