കെ റെയിലിന് പകരം ആർആർടിഎസ്; തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽപാതയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

Wednesday 28 January 2026 9:45 PM IST

തിരുവനന്തപുരം: അതിവേഗ റെയിൽപാതയെന്ന സ്വപ്നപദ്ധതിക്കായി രൂപം കൊടുത്ത കെ റെയിൽ ഉപേക്ഷിച്ച് തിരുവനന്തപുരം - കാസർകോട് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്)​ നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലുള്ള അതിവേഗ റെയിൽപാതയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. സിൽവർ ലൈൻപദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് സാങ്കേതികാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.

ആ‍ർആർ.ടി,​എസ് പാതയിൽ മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. പരിസ്ഥിതി ആഘാതവും ഭൂമിയേറ്റെടുക്കലും കുറയ്ക്കുന്നതിനായി തൂണുകൾക്ക് മുകളിലൂടെയുള്ള എലിവേറ്റഡ് പാതയ്ക്കാണ് മുൻഗണന നൽകുന്നത്. ജനസാന്ദ്രതയേറിയ കേരളത്തിൽ ഇത് കൂടുതൽ അനുയോജ്യമാകും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ

ഡൽഹി - മീററ്റ് ആർ.ആർ.ടി.എസ് മാതൃകയിലാണ് കേരളത്തിലും പദ്ധതി നടപ്പാക്കുക. മീററ്റ് മെട്രോ ആർ.ആർ.ടി.എസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് - സെപ്പറേറ്റഡ് ആയാണ് നടപ്പിലാക്കുക. ഊ മാതൃകയിൽ കൊച്ചി,​ തിരുവനന്തപുരം,​ കോഴിക്കോട് മെട്രോ സംവിധാനങ്ങളുമായി ആർ.ആർ.ടി.എസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കും. ഡൽഹി മാതൃകയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതം മുടക്കും. ബാക്കി 60 ശതമാനം തുക അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പയായി കണ്ടെത്തും. നാല് ഘട്ടങ്ങളിലായി പദ്ധതി 12 വർഷത്തിനുള്ളിൽ പൂ‌ർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരയുള്ള ഒന്നാംഘട്ടം (ട്രാവൻകൂർ ലൈൻ-284 കി.മീ)​ 2027ൽ നിർമ്മാണം ആരംഭിച്ച് 2033ൽ പൂർത്തിയാക്കും തൃശൂർ മുതൽ കോഴിക്കോട് വരെയുള്ള രണ്ടാംഘട്ടം (മലബാർ ലൈൻ,​ )​ കോഴിക്കോട് മുതൽ കണ്ണൂൂർ വരെ മൂന്നാംഘട്ടം,​ കണ്ണൂർ മുതൽ കാസർകോട് വരെ നാലാംഘട്ടം.

അയൽസംസ്ഥാനങ്ങളുടെ സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കും കാസർകോട് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. 12 വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നും സംസ്ഥാന സർക്കാർ പറയുന്നു.