പാർട്ടിയെയും സർക്കാരിനെയും വേട്ടയാടി തോൽപ്പിക്കാനാവില്ല

Thursday 29 January 2026 1:46 AM IST

എം.വി. ഗോവിന്ദൻ (സി.പി.എം സംസ്ഥാന സെക്രട്ടറി)

 രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പാർട്ടി പുറത്തുവിടും ചൂരൽമലയിൽ പിരിച്ച കണക്ക് കോൺഗ്രസ് പുറത്തുവിടണം  പാർട്ടി സെക്രട്ടറി മത്സരിക്കുന്നില്ല  തിരഞ്ഞെടുപ്പിനെ പിണറായി നയിക്കും

നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലേക്ക് കേരളം നീങ്ങുമ്പോൾ പ്രധാനം സി.പി.എമ്മിന്റെ നിലപാടാണ്. അതു പറയേണ്ടത് പാർട്ടി സെക്രട്ടറിയും. ശബരിമല സ്വർണ്ണക്കൊള്ളയും, രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമൊക്കെയായി പാർട്ടിയും സർക്കാരും ആരോപണത്തിന്റെ മുനയിൽ നിൽക്കുമ്പോൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 'കേരള കൗമുദി"യോട് സംസാരിക്കുന്നു.

? രക്തസാക്ഷിഫണ്ട് പോലും വെട്ടിയ പാർട്ടിയായോ സി.പി.എം.

 എല്ലാം കോൺഗ്രസ്- ബി.ജെ.പി ആരോപണങ്ങളല്ലേ. ഇപ്പോഴും കേരളത്തിൽ കോ-ലീ-ബി സഖ്യം നിലനിൽക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ ആരോപണവും. കേരളത്തിൽ അരിയാഹാരം കഴിക്കുന്നവരാരും സി.പി.എം രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്ന ആരോപണം വിശ്വസിക്കില്ല. ഒന്നും പറയാനില്ലാത്തപ്പോൾ എന്തെങ്കിലും പറയണം. ശബരിമല ചീറ്റിപ്പോയപ്പോൾ പുതിയ അരോപണം- അത്രയേ ഉള്ളൂ. ഇതൊന്നും തിരഞ്ഞെടുപ്പിൽ വിലപ്പോവില്ല.

രക്തസാക്ഷി ഫണ്ട് വെട്ടിപ്പെന്ന രീതിയിൽ അവതരിപ്പിച്ച പ്രശ്‌നം കൃത്യമായ അജണ്ടയുടെ ഭാഗമാണ്. എങ്കിലും ആ വിഷയത്തിൽ പാർട്ടി അന്വേഷണം നടത്തുന്നുണ്ട്. അത്തരമൊരു ആരോപണത്തിൽ വല്ല കഴമ്പുമുണ്ടെങ്കിൽ അവർ ഇനി ഈ പാർട്ടിയിൽ ഉണ്ടാവില്ല. മാത്രമല്ല, ആ കണക്കുകൾ കൃത്യമായി പാർട്ടി പ്രസിദ്ധീകരിക്കും. വിവാദത്തെ പേടിച്ചല്ല; ജനം തെറ്റിദ്ധരിക്കരുതെന്നു കരുതി. ഈ പാർട്ടിയേയും സർക്കാരിനേയും വേട്ടയാടി തോൽപ്പിക്കാനാവില്ല.

? പാർട്ടിക്കും സർക്കാരിനുമെതിരെ ഒന്നൊന്നായി ആരോപണങ്ങളാണല്ലോ.

 അതൊക്കെ നിങ്ങൾ മാദ്ധ്യമങ്ങളും യു.ഡി.എഫും ഉണ്ടാക്കുന്നതാണ്. ഇവിടെ ആർക്കും ഒരു പേടിയുമില്ല. ഇടത് സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരും.

? എന്തു ധൈര്യത്തിലാണ് ഈ ആത്മവിശ്വാസം.

 കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ച ഇടത് സർക്കാരിന്റെ നേട്ടങ്ങൾ ചില്ലറയല്ല. അത് മാദ്ധ്യമങ്ങളും യു.ഡി.എഫും എത്രമാത്രം ഇരുട്ടുകൊണ്ട് ഓട്ടയടച്ചാലും തീരില്ല. ഇവിടത്തെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെട്ടതു മുതൽ വൻകിട വികസന പദ്ധതികൾ വന്നതു വരെ കേരളത്തിലെ ജനത കാണുന്നുണ്ട്. അതൊക്കെ മായ്ച്ചുകളയാനാവുമോ? എന്തായിരുന്നു ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ സാധാരണക്കാരുടെ പെൻഷൻ?​ ഇപ്പോൾ എവിടെ നിൽക്കുന്നു?​ ഇതൊന്നും ഔദാര്യമല്ല, അവകാശങ്ങളാണ്. അത് അർഹതപ്പെട്ടവർക്ക് അപ്പപ്പോൾ കിട്ടണം. അതാണ് കേരളത്തിൽ ഇടത് സർക്കാർ ചെയ്തത്. ഇതെല്ലാം ജനം കാണുന്നുണ്ട്.

? ജമാഅത്തെ- യു.ഡി.എഫ് കൂട്ടുകെട്ട് സി.പി.എം എന്തിനാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.

 അതിലെന്താണ് പ്രശ്‌നം?​ എല്ലാം പകൽപോലെ വ്യക്തമല്ലേ. കെ.എം. ഷാജിയല്ലേ ലീഗ്- ജമാഅത്തെ പാലം? അയാളല്ലേ അജണ്ട തീരുമാനിക്കുന്നത്. വർഗീയതയ്ക്കെതിരെ പറയുന്ന സതീശന് ഇക്കാര്യത്തിൽ ഒരു മിണ്ടാട്ടവുമില്ലല്ലോ. മുസ്ലിം ലീഗിന്റെ പേരിൽ സി.പി.എം വർഗീയത ആരോപിച്ചിട്ടില്ല. പക്ഷെ കെ.എം. ഷാജി ജമാഅത്തിനു വേണ്ടി ലീഗിലേക്ക് ഒരു പാലമുണ്ടാക്കുമ്പോൾ അതിനെ എതിർക്കാനും വിമർശിക്കാനും ആരുമില്ല. അത് കേരളത്തിന്റെ മതേതര ഭൂമികയിൽ നാളെ വലിയ അപരാധമാവും.

? ശബരിമല തീവെട്ടിക്കൊള്ള വലിയ പ്രശ്‌നമാവില്ലേ.

 ശബരിമല കൊള്ളയിൽ ആരാണ് അന്വേഷണം നടത്തുന്നത്. കോടതിയുടെ മേൽനോട്ടത്തിലാണെങ്കിലും കേരള സർക്കാരിന്റെ പൊലീസല്ലേ?​ അന്വേഷണം നേരായ വഴിക്കല്ലേ നടക്കുന്നത്?​ സി.പി.എം ബന്ധമുള്ളവർ അറസ്റ്റിലായപ്പോൾ ഇവിടെ പാർട്ടി എന്തെങ്കിലും കോലാഹലം നടത്തിയോ?​ കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടും. അത് ഈ സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. എന്ത് അപരാധമാണ് കേരളത്തിലെ സി.പി.എം ചെയ്തത്? കാര്യക്ഷമമായ അന്വേഷണം നടത്തിയതാണോ കുറ്റം?

?പിന്നെ എന്താണ് നേതാക്കൾ ജയിലിലായിട്ടും അവരെ പാർട്ടി പുറത്താക്കാത്തത്.

 കുറ്റക്കാരെന്നു പറഞ്ഞ് അവരെയൊക്കെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത് കേരള സർക്കാരാണെങ്കിൽ കുറ്റപത്രം വരുന്നതിനനുസരിച്ച് നടപടികളും ഉണ്ടാകും. ആരോപണങ്ങളെ പേടിക്കുന്ന പാർട്ടിയല്ല സി.പി.എം.

? തദ്ദേശത്തിൽ വലിയ തിരിച്ചടി കിട്ടിയില്ലേ.

 സ്വാഭാവികമാണ്. ജനത്തെ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫിനും ബി.ജെ.പിക്കും കഴിഞ്ഞു. പക്ഷെ യാഥാർത്ഥ്യം അവരുടെ മുമ്പിലുണ്ട്. സീറ്റുകൾ കുറഞ്ഞുപോയെന്നത് ശരിയാണ്. പക്ഷെ ഇടതുപക്ഷത്തെ ജനം കൈവിട്ടില്ലെന്നതിനു തെളിവാണ് വോട്ടിംഗ് ശതമാനം. ഇതിനു മുമ്പും ഒരുപാട് പരാജയം ഏറ്റുവാങ്ങി തിരിച്ചുവന്ന പാർട്ടിയാണ് സി.പി.എം. ജനം എന്താണ് ആഗ്രഹിക്കുന്നത്, അവരുടെ മനസിലെന്താണ് എന്നൊക്കെ അറിഞ്ഞുള്ള തിരുത്തൽ വരുംനാളുകളിലുണ്ടാവും.

?പിണറായി വിജയൻ മൂന്നാം ഇടത് സർക്കാരിനെയും നയിക്കുമോ.

 കഴിഞ്ഞ പത്തുവർഷമായി കേരളത്തിലെ ഇടതു സർക്കാരിനെ നയിക്കുന്നത് പിണറായി വിജയനാണ്. ആരാവും മുഖ്യമന്ത്രിയെന്ന് തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കേരളത്തിൽ ഒരുകാലത്തും സി.പി.എം പ്രഖ്യാപിക്കാറില്ല. പക്ഷെ തിരഞ്ഞെടുപ്പിനെ പിണറായി നയിക്കും.

? എം.വി ഗോവിന്ദൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ.

 പാർട്ടി സെക്രട്ടറി മത്സരിക്കുന്നില്ല.