അജിത് കുമാറിനെതിരായ കേസ്: തുടരന്വേഷണത്തിന് അനുമതിയില്ല

Thursday 29 January 2026 12:00 AM IST

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ തുടരന്വേഷണത്തിന് വിജിലൻസ് കോടതി അനുമതി നിഷേധിച്ചു. അജിത്തിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജാണ് കോടതിയെ സമീപിച്ചത്. സത്യസന്ധമല്ലാത്തതും നീതിയുക്തവുമല്ലാത്ത അന്വേഷണത്തിലെ കണ്ടെത്തലുകൾ അംഗീകരിക്കാനാവില്ലെന്ന് കഴിഞ്ഞ ആഗസ്റ്റിൽ വിജിലൻസ് കോടതി വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിന് വിജിലൻസിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ അജിത്ത് ഹൈക്കോടതിയെ സമീപിച്ച് വിജിലൻസ് കോടതിയുടെ കണ്ടെത്തലുകൾ തള്ളണമെന്ന് ആവശ്യപ്പെട്ടു. അജിത്തിന്റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകുംവരെ വിജിലൻസ് കോടതി തുടർനടപടികളെടുക്കരുതെന്ന് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ തുടരന്വേഷണത്തിന് വീണ്ടും ഉത്തരവ് നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കോടതി ജഡ്ജി എ. മനോജ് ഇന്നലെ ഹർജി തള്ളിയത്.