ലഹരിയിൽ മുങ്ങിയ യുവതയെ സർക്കാർ പുനരധിവസിപ്പിക്കും

Thursday 29 January 2026 12:00 AM IST

ആലപ്പുഴ: ലഹരിക്കടിമയായി കുറ്റകൃത്യങ്ങളിലകപ്പെട്ട യുവതീയുവാക്കളെ സർക്കാർ പുനരധിവസിപ്പിക്കും. എൻ.ജി.ഒകളുടെ പങ്കാളിത്തതോടെ സാമൂഹ്യനീതി വകുപ്പാണ് നടപ്പാക്കുന്നത്.

18നും 25നും മദ്ധ്യേ പ്രായമുള്ള 50 പേരെ വീതം ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കും.

അടുത്ത മാസം ആരംഭിക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ പൊലീസ്, എക്സൈസ്, തദ്ദേശ വകുപ്പുകളും ലീഗൽ സർവീസ് അതോറിട്ടിയും നടപടി തുടങ്ങി. സംസ്ഥാന നോ‌ഡൽ ഓഫീസർമാരുടെ പരിശീലനം പൂർത്തിയായി. ജില്ലാ ഓഫീസർമാരുടെ പരിശീലനം നടന്നുവരുന്നു.

ലഹരി ഉപേക്ഷിക്കാനും പുനരധിവാസത്തിനും തയ്യാറാകുന്നവരെ ജില്ലാ പ്രൊബേഷൻ ഓഫീസറാണ് കണ്ടെത്തേണ്ടത്. പൊലീസ്, എക്സൈസ്, ജയിൽ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശുപാർശ ചെയ്യപ്പെടുന്നവരെയാകും പരിഗണിക്കുക.

ചികിത്സയും സഹായിക്കുൾപ്പടെ താമസവും ഭക്ഷണവും സൗജന്യമാണ്. പേരുൾപ്പെടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സർക്കാർ ആശുപത്രികളിൽ കിടത്തിചികിത്സയ്ക്ക് സൗകര്യമൊരുക്കും. പഠനം തുടരാൻ താൽപ്പര്യമുള്ളവരെ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പഠനസഹായ സ്കീമിന്റെ ഭാഗമാക്കും. തൊഴിൽ പരിശീലനവും നൽകും.

കൗൺസലിംഗ്

പിന്നെ ചികിത്സ

കൗൺസലിംഗാണ് ആദ്യപടി. ലഹരി ഉപേക്ഷിക്കാൻ തയ്യാറാണെന്ന് ബോദ്ധ്യപ്പെട്ടാൽ യോഗയും സൈക്കാട്രിക് ചികിത്സയും ആറുമാസം നൽകും. ദീർഘകാല ചികിത്സ ആവശ്യമുള്ളവർക്ക് അതും നൽകും. മാതാപിതാക്കളോ സഹോദരങ്ങളോ സുഹൃത്തുക്കളോ ആരെങ്കിലും ഒരാൾ സഹായിയായി വേണം.

700 പേർ

14 ജില്ലകളിൽ നിന്ന്

പുനരധിവസിപ്പിക്കുന്നത്

ലഹരി ഉപയോഗം സൃഷ്ടിക്കുന്ന കുടുംബ-സാമൂഹ്യ പ്രശ്നങ്ങൾ കേരളം നേരിടുന്ന വെല്ലുവിളിയാണ്. പുനരധിവാസമാണ് പോംവഴി. 10,00,000 രൂപ വകയിരുത്തിയ പദ്ധതിയുടെ ആരംഭത്തിനായി 6,36,500 രൂപ അനുവദിച്ചിട്ടുണ്ട്

- ഡയറക്ട്രേറ്റ്, സാമൂഹ്യനീതി വകുപ്പ്