വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാൻ അനുമതി

Thursday 29 January 2026 12:00 AM IST

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയപാതയുമായി (എൻ.എച്ച് 66) ബന്ധിപ്പിക്കുന്ന താത്കാലിക കണക്ടിവിറ്റിക്ക് എൻ.എച്ച്.എ.ഐയുടെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. താത്കാലികപാത ക്രമീകരണങ്ങൾക്കായി നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) കേരള റീജിയണൽ ഓഫീസർ അംഗീകാരവും നൽകി. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഭാവിയിൽ ഔട്ടർ റിംഗ് റോഡും ഉൾപ്പെടുത്തി കണ്ടെയ്നർ ട്രെയിലറുകളുടെ സുഗമമായ നീക്കം സാദ്ധ്യമാക്കുന്നതിന് സ്ഥിരമായ ഒരു ക്ലോവർലീഫ് ഇന്റർകണക്ഷൻ നിർമ്മിക്കുന്ന പദ്ധതി രൂപരേഖയും സമർപ്പിച്ചിട്ടുണ്ട്. റെയിൽ കണക്ടിവിറ്റിക്ക് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (കെ.ആർ.സി.എൽ) മുഖേന വിശദമായ പദ്ധതിരേഖ തയ്യാറാക്കി ദക്ഷിണ റെയിൽവേയുടെ അനുമതി ലഭ്യമാക്കി. എ.വി.പി.പി.എൽ കമ്പനിയുമായുള്ള കരാർ പ്രകാരം 2028 ഡിസംബറോടെ റെയിൽ കണക്ടിവിറ്റി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.