വിമർശനവും അതൃപ്തിയുമായി ഭരണപക്ഷ എം.എൽ.എമാർ

Thursday 29 January 2026 12:53 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാത്തതിലും പലതും ഇഴയുന്നതിലും നിയമസഭയിൽ ഇടതുപക്ഷ എം,എൽ.എമാരുടെ വിമർശനം. കോതമംഗലം മേഖലയിലെ വന്യജീവി അക്രമണം തടയാൻ നടപടിയില്ലാത്തതിനെ സി.പി.എം അംഗം ആന്റണി ജോൺ വിമർശിച്ചു. സോളാർ വേലി സ്ഥാപിക്കുമെന്നു പറഞ്ഞിട്ടു നടപ്പാക്കാത്തതിനെയും സബ്മിഷനിൽ വിമർശിച്ചു. 3.75കോടി ചെലവിൽ 30കിലോമീറ്ററിൽ സോളാർ വേലി സ്ഥാപിക്കാൻ പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി നൽകി. തകർന്നു കിടക്കുന്ന കുലുക്കല്ലൂർ- എരവത്ര- വല്ലപ്പുഴ റോഡ് ഗതാഗതയോഗ്യമാക്കാത്തതിലെ അതൃപ്തിയായിരുന്നു സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിൻ സബ്മിഷനിൽ പ്രകടിപ്പിച്ചത്. റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉറപ്പു നൽകി. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലിയിൽ റോഡ് നിർമ്മാണത്തിനിടെ മണ്ണ് ഇടിഞ്ഞ് ഒരാൾ മരിക്കുകയും ഒരാളുടെ കാൽ നഷ്ടമാകുകയും നിരവധി വീടുകൾ തകരുകയും ചെയ്തിട്ടും മതിയായ നഷ്ടപരിഹാരം വാങ്ങിനൽകാത്തതാണ് സി.പി.എമ്മിലെ എ. രാജ ചൂണ്ടിക്കാട്ടിയത്. ഇടുക്കിയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റ്യനേയും ദേശീയപാത അധികൃതരേയും പങ്കെടുപ്പിച്ചു ചർച്ച നടത്തി നഷ്ടപരിഹാരം ഉറപ്പാക്കാമെന്നു മന്ത്രി കെ.രാജൻ ഉറപ്പു നൽകി.