18 ലക്ഷംപേർക്കുള്ള നോട്ടീസ് ഇല. കമ്മിഷൻ പിൻവലിക്കണം: സതീശൻ

Thursday 29 January 2026 12:54 AM IST

തിരുവനന്തപുരം: പേരുകളിലും ഇനിഷ്യലുകളിലുമുള്ള ചെറിയ അക്ഷര വ്യത്യാസത്തെ ലോജിക്കൽ ഡിസ്ക്രിപെൻസിയെന്ന് ചൂണ്ടിക്കാട്ടി ഹിയറിംഗിന് ഹാജരാവാൻ 18 ലക്ഷത്തോളം പേർക്ക് നൽകിയ നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മിഷൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട പരാതികൾ ഉത്കണ്ഠയുണ്ടാക്കുന്ന രീതിയിലേക്കാണ് പോകുന്നതെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അധിക രേഖകൾ സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പിഴവുകൾ ഏറെയും സോഫ്റ്റ് വെയറിൽ നിന്നു വന്നതാണ്. ബി.എൽ.ഒമാർ വീട്ടിലെത്തി അത് കറക്ട് ചെയ്യണം. അങ്ങനെ ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സമ്മതിച്ചെങ്കിലും പലയിടങ്ങളിലും അത് നടക്കുന്നില്ല.

അനധികൃത വോട്ടുകൾ നീക്കാനെന്ന പേരിൽ ഫോം 7 ദുരുപയോഗം ചെയ്യുന്നത് തടയണം. മലബാറിലെ ജില്ലകളിൽ ഇത് വളരെ കൂടുതലാണ്. ബന്ധപ്പെട്ട ആളെ വിവരം അറിയിക്കാതെ പട്ടികയിൽ നിന്നു നീക്കം ചെയ്യരുത്. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി വോട്ട് കളയാൻ ഫോം 7 നൽകുന്ന വ്യക്തികൾക്കെതിരെയും പരിശോധന കൂടാതെ അത് അംഗീകരിക്കുന്ന ബി.എൽ.ഒമാർക്കെതിരെയും കർശന നടപടി സ്വീകരിക്കണം.

പുതുതായി വോട്ട് ചേർക്കുന്നവർക്ക് ഫോം 6 , ഫോം 6 എയുമാണ്. വോട്ട് നീക്കം ചെയ്യാൻ ഫോം 7 , തിരുത്തലുകൾക്ക് ഫോം എട്ടുമാണ്.

ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച പ്രവാസികൾ ഫോം 6 എ സമർപ്പിക്കുമ്പോൾ ജനനസ്ഥലം ചേർക്കാനുള്ള ഓപ്ഷൻ വെബ് സൈറ്റിൽ ലഭ്യമാക്കിയിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ലക്ഷക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന വിഷയത്തിൽ കമ്മിഷൻ ഉടൻ ഇടപെടണം. സമയം നീട്ടിക്കൊടുക്കണം.

ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക ബൂത്ത് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് അതു ലഭ്യമാക്കണം.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.