പൊതുകടം 6 ലക്ഷം കോടിയാവുന്നു: വി.ഡി. സതീശൻ
Thursday 29 January 2026 12:57 AM IST
തിരുവനന്തപുരം: എൽ.ഡി.എഫ് ഭരണം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം 6 ലക്ഷം കോടിയാവുകയാണെന്നും വീണ്ടുമൊരു പതിനായിരം കോടി കോർപ്പറേറ്റ് കടമെടുപ്പിന് ശ്രമം നടക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷന്റെ നടപ്പുവർഷത്തെ പ്രവർത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയും തൊഴിൽമേഖലയും നശിപ്പിച്ചു. കുട്ടികൾ കൂട്ടത്തോടെ നാടുവിടുകയാണ്. ഈ സ്ഥിതി തുടർന്നാൽ അഞ്ചു കൊല്ലത്തിനകം കേരളം വൃദ്ധസദനമാകും. സർവകലാശാലകളിൽ വി.സിമാരില്ല. കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല. കർഷകരും തീരദേശവാസികളും ദുരിതത്തിലാണ്. ആരോഗ്യരംഗം വെന്റിലേറ്ററിലായി. മുതിർന്നവരും പെൻഷൻകാരും പ്രതീക്ഷയറ്റവരായി. പ്രസിഡന്റ് രാജൻ.പി. എബ്രഹാം, ജനറൽ സെക്രട്ടറി പി.എസ്.ജ്യോതികുമാർ, എം.ആർ.അനിലാദേവി എന്നിവർ പങ്കെടുത്തു.