റീട്ടെയിൽ രംഗത്തേക്ക് കടക്കാൻ കുടുംബശ്രീ
തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങൾക്ക് റീട്ടെയിൽ മാർക്കറ്റിൽ വിപണി ഉറപ്പാക്കാൻ നടപടി ആരംഭിച്ചു. എല്ലാ ജില്ലകളിലും വിതരണ ഏജൻസികളെ കണ്ടെത്തി കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കും. ഇതോടെ കുടുംബശ്രീയുടെ കീഴിലുള്ള കാർഷിക സൂക്ഷ്മസംരംഭ മേഖലയിലെ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനാവും.
കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ 5000ലേറെ വിതരണക്കാർ അംഗങ്ങളാണ്. ഇവരുടെ സഹകരണത്തോടെ ബഹുരാഷ്ട്ര കമ്പനികൾക്കൊപ്പം റീട്ടെയിൽ രംഗത്ത് ശക്തമായ സാന്നിദ്ധ്യമാകാനാണ് കുടുംബശ്രീയുടെ ലക്ഷ്യം.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നവീൻ സി,ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് എ മുജീബ് റഹ്‌മാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
'കെ-ഇനം' ബ്രാൻഡിൽ കാർഷിക, ഭക്ഷ്യ വിഭവങ്ങൾ
കുടുംബശ്രീ ഏകീകൃത ബ്രാൻഡിലുള്ള കറിപൗഡറുകൾ, പുട്ടുപൊടി, അപ്പം പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക് പൊടി തുടങ്ങിയവയും ജില്ലകളിലെ മികച്ച സംരംഭകരുടെ ഉത്പന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ഏജൻസികളിലൂടെ വിൽക്കുക.
"കെ-ഇനം' (കുടുംബശ്രീ ഇനം) എന്ന പുതിയ ബ്രാൻഡിൽ ആഗോള വിപണിയിലെത്തിച്ച വിവിധ കാർഷിക,ഭക്ഷ്യ വിഭവങ്ങളും 30പ്രീമിയം ബ്രാൻഡ് ഭക്ഷ്യോത്പന്നങ്ങളും വിപണനത്തിനെത്തിക്കുന്നുണ്ട്.
സമ്പുഷ്ടീകരിച്ച ഭക്ഷണം
പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങൾ
സംസ്കരിച്ച പഴങ്ങൾ, പച്ചക്കറി, ലഘുഭക്ഷണങ്ങൾ
വില, ലാഭവിഹിതം എന്നിവയിൽ വിതരണക്കാരുമായി ധാരണയിലായി. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി കുടുംബശ്രീ സഹകരിക്കും
എം.ബി രാജേഷ്
മന്ത്രി