ഓഹരി വിപണിയിൽ മുന്നേറ്റം

Thursday 29 January 2026 3:03 AM IST

കൊച്ചി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചിറകിലേറി ഇന്ത്യൻ ഓഹരി വിപണി പറന്നുയർന്നു. ഒറ്റ സെഷനിലെ മുന്നേറ്റത്തിലൂടെ ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആസ്തിയിൽ ആറ് ലക്ഷം കോടി രൂപയുടെ വർദ്ധനവ്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം മുൻ സെഷനിലെ 454 ലക്ഷം കോടി രൂപയിൽ നിന്ന് ഉയർന്ന് ഏകദേശം 460 ലക്ഷം കോടി രൂപയിലെത്തി.

തുടർച്ചയായ രണ്ടാംദിനമാണ് ഓഹരിവിപണി നേട്ടമുണ്ടാക്കുന്നത്. ഇന്നലെ സെൻസെക്സ് 487.11 പോയിന്റ് (0.60 ശതമാനം) ഉയർന്ന് 82,344.68 ലും നിഫ്റ്റി 167 പോയിന്റ് (0.66ശതമാനം) നേട്ടത്തിൽ 25,342.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആക്സിസ് ബാങ്ക്,​ എസ്.ബി.ഐ,​ ടെക് മഹീന്ദ്ര തുടങ്ങി 86 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിരക്കിലെത്തി.