വീണാജോർജിനെ തോൽപ്പിക്കാൻ ഡാഷ് കഥയിറക്കി: പിണറായി
കോന്നി: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജിനെ തോൽപ്പിക്കാൻ ഒരു ചാനൽ ഡാഷ് കഥ ഇറക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കലഞ്ഞൂരിൽ നടന്ന എൽ.ഡി.എഫ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷമാകുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചില കളളവിദ്യക്കാർ കഥകളുമായി വരും. അവരെ കരുതിയിരിക്കണം. 'പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബി.ജെ.പി ജയിക്കാൻ പാേകുന്നു, ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം, എൽ.ഡി.എഫ് ഇവിടെ ഇല്ല' എന്നൊക്കയായിരുന്നു പ്രചാരണം. ഇതുകേട്ട് ബി.ജെ.പി ജയിച്ചു കൂടായെന്ന് ചില സാധുക്കൾ വിചാരിച്ചു. വീണാജോർജിന് വോട്ടു കൊടുത്തിട്ട് കാര്യമില്ലെന്ന് ചിന്തിച്ചു. കുറച്ച് വോട്ട് അങ്ങനെ മാറിപ്പോയി.വീണാജോർജ് ജയിക്കുമെന്നായിരുന്നു എല്ലാവരുടെയും ധാരണ. പോരാട്ടം കണ്ട ഏതൊരാൾക്കും അത് മനസിലാകുമായിരുന്നു. അപ്പോഴാണ് ഒരു ചാനൽ കഥയിറക്കിയത്. അവർ പറഞ്ഞത് വീണാജോർജിന് 20 ശതമാനം വോട്ടേ ലഭിക്കൂവെന്നാണ്. ഇതു കേട്ടപ്പോൾ വല്ലാതെ വേവലാതിപ്പെട്ടവരുണ്ട്. വീണാജോർജിന്റെ കൂടെയായിരുന്ന അവരിൽ കുറച്ചു പേർ പ്രചാരണം കേട്ട് മാറിച്ചിന്തിച്ചു. എന്നിട്ടും വീണാജോർജിന് 32.8ശതമാനം വോട്ടു കിട്ടി. അന്നത്തെ പ്രത്യേക സാഹചര്യത്തിലും ,വീണാജോർജ് ജയിക്കുമെന്ന ചിത്രം മാറ്റിമറിക്കുന്നതിനു വേണ്ടി നിർമ്മിച്ചതാണ് ആ ഡാഷ് കഥ. പിന്നീട് ഒരു കഥ കൂടിയുണ്ടാക്കി നാണംകെട്ടു. പാല തിരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിന് വോട്ട് 48ശതമാനം, എൽ.ഡി.എഫിന് 32ശതമാനം എന്നിങ്ങനെയായിരുന്നു കഥ. വസ്തുതയുമായി ആ കഥയ്ക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല- പിണറായി പറഞ്ഞു.