വയനാട് ദുരന്തബാധിതരുടെ വായ്പ ഏറ്റെടുക്കാൻ സർക്കാർ

Thursday 29 January 2026 12:32 AM IST

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തത്തിനിരയായവരുടെ വായ്പകളുടെ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ദുരന്തത്തിനിരയായ 555 പേരെടുത്ത 1620 വായ്പകളുടെ മൊത്തം ബാദ്ധ്യതയായ 18.75 കോടിയാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നെടുക്കും.

വായ്പകൾ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നിരവധി തവണ കേന്ദ്രത്തെ സമീപിച്ചിരുന്നു. കോടതിയും നിർദ്ദേശിച്ചിരുന്നു. എന്നിട്ടും കേന്ദ്രം അനങ്ങാത്ത സാഹചര്യത്തിലാണ് സംസ്ഥാനം വായ്പാബാദ്ധ്യത ഏറ്റെടുക്കുന്നത്. പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ, ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ, വ്യാപാര സ്ഥാപനങ്ങളും കടകളുമുൾപ്പെടെ ഉള്ളവർക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക.

ബാങ്കേഴ്സ് സമിതിയുമായി ചർച്ച

വായ്പാബാദ്ധ്യത ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സർക്കാർ ചർച്ച നടത്തും. നിലവിൽ 2024 ജൂലായ് 30 മുതൽ വായ്പകളിൽ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനിൽക്കുന്നുണ്ട്. അന്നു മുതലുള്ള പലിശ ഒഴിവാക്കാനും ദുരന്തബാധിതരുടെ സിബിൽ സ്‌കോറിൽ കുറവ് വരുത്താൻ പാടില്ല എന്നുള്ള കാര്യവും യോഗത്തിൽ സർക്കാർ ആവശ്യപ്പെടും.