പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസ് : ടി.ഒ. സൂരജിന്റെ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ നിലപാടുതേടി

Wednesday 16 October 2019 12:43 AM IST

കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിൽ നാലാംപ്രതിയായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടുതേടി. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് വിജിലൻസ് നടപടിയെടുത്തതെന്നും ഫ്ളൈഒാവറിന്റെ ബലം ഉറപ്പാക്കാൻ ലോഡ് ടെസ്റ്റ് (ഭാരപരിശോധന) നടത്താതെ കേസെടുത്തത് നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ മുഖ്യവാദങ്ങൾ. ഇത്തരം കാര്യങ്ങൾ എത്രനാൾ നിങ്ങളെ സഹായിക്കുമെന്ന് ഇന്നലെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് ഹർജിക്കാരനോടു വാക്കാൽ ചോദിച്ചു. ഇതൊരു അഴിമതിക്കേസാണ്. ഭാരപരിശോധന സംബന്ധിച്ച വാദങ്ങളുമായി ബന്ധമില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

രണ്ട് ഡിവൈ.എസ്.പിമാർ, നാല് ഇൻസ്പെക്ടർമാർ എന്നിവരെ ഉൾപ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിച്ചെന്നും നിർമ്മാണക്കമ്പനിക്ക് അനധികൃതമായി മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിന്റെ രേഖകൾ സെക്രട്ടേറിയറ്റിൽ നിന്ന് പിടിച്ചെടുത്തെന്നും വിജിലൻസ് അറിയിച്ചു. തുടർന്നാണ് ജാമ്യാപേക്ഷയിൽ സർക്കാരിനോടു വിശദീകരണം തേടിയത്. ഹർജി ഒക്ടോബർ 22 ന് വീണ്ടും പരിഗണിക്കും. നേരത്തേ സൂരജ് നൽകിയ ജാമ്യാപേക്ഷ ഒക്ടോബർ ഒമ്പതിന് ഹൈക്കോടതി തള്ളിയിരുന്നു.