ഇപ്പോഴത്തെ വിലയിലൊന്നും നില്‍ക്കില്ല; സ്വര്‍ണം ഇനിയും പൊള്ളിക്കുമെന്ന് വിദഗ്ദ്ധര്‍

Thursday 29 January 2026 12:01 AM IST

കൊച്ചി: പുതിയ ഉയരങ്ങള്‍ തേടിയുള്ള കുതിപ്പ് തുടരുകയാണ് സംസ്ഥാനത്ത് സ്വര്‍ണവില. ചരിത്രത്തിലാദ്യമായി 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് 15,000 രൂപ കടന്നു. 15,315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 1,22,520 രൂപയുമായി. ഇന്നലെ രണ്ട് തവണയായാണ് വില വര്‍ദ്ധിച്ചത്. രാവിലെ 295 രൂപയും ഉച്ചയ്ക്കുശേഷം 175 രൂപയുമാണ് ഗ്രാമിന് വര്‍ദ്ധിച്ചത്. രണ്ട് തവണയായി പവന് 3760 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജി.എസ്.ടിയും ഉള്‍പ്പെടെ കണക്കാക്കിയാല്‍ 1, 33000 രൂപയെങ്കിലും നല്‍കണം. ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സുരക്ഷിതനിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കൂട്ടുപിടിക്കുന്നതാണ് സ്വര്‍ണവില കുതിച്ചുയരാനിടയാക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 5,276 ഡോളറിലെത്തിയതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില ഉയരുന്നത്. ഡോളറിന്റെ മൂല്യത്തകര്‍ച്ചയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഡോളറിന്റെ മൂല്യം 95ലോ അതിന് താഴെയോ പോയാല്‍ സ്വര്‍ണവില 6000 ഡോളര്‍ കടന്നേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.