ഊർജ സ്വയംപര്യാപ്തതയ്ക്കായി വിഷൻ 2030

Thursday 29 January 2026 1:59 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ഊർജ സ്വയംപര്യാപ്തത ലക്ഷ്യമാക്കി 'വിഷൻ2030' പദ്ധതി വിഭാവനം ചെയ്യുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. 2040ഓടെ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത പൂർണമായും പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്നു കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 3,300 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് നിലയങ്ങളും 3,000 മെഗാവാട്ട്, 5,000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് പദ്ധതികളും നടപ്പാക്കും. 1500മെഗാവാട്ട് വൻകിട ജലവൈദ്യുത പദ്ധതികളിൽ നിന്നു കണ്ടെത്താനാണ് ശ്രമം. പത്തു വർഷത്തിനുള്ളിൽ 1,798.94 മെഗാവാട്ട് സൗരോർജ സ്ഥാപിത ശേഷി കൈവരിക്കാൻ സംസ്ഥാനത്തിനായി. 'സൗര' പുരപ്പുറ സോളാർ പദ്ധതിയുടെ കീഴിൽ രണ്ട് ഘട്ടങ്ങളിലായി 203.34 മെഗാവാട്ടിന്റെ 49,402 നിലയങ്ങൾ കമ്മിഷൻ ചെയ്തു. വിവിധ പദ്ധതികളിലായി 1595.6 മെഗാവാട്ട് ഗ്രിഡിലേക്കു കൂട്ടിച്ചേർത്തു. അനെർട്ട് മുഖേന 2021 മുതൽ നാളിതുവരെ ഗാർഹിക, സർക്കാർ, പൊതുസ്ഥാപനങ്ങൾ ഉൾപ്പടെ 36.841 മെഗാവാട്ടിന്റെ 4215 സൗരോർജ നിലയങ്ങൾ സ്ഥാപിച്ചു.