സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം സംഘടനാ തർക്കത്തിൽ വലഞ്ഞ് എം.എസ്.എഫ്
മലപ്പുറം: മൂന്ന് ദിവസം നീളുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കം കുറിക്കുന്നത് രൂക്ഷമായ സംഘടനാ തർക്കങ്ങൾക്കിടെ. പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ജില്ലാ, മണ്ഡലം കമ്മിറ്റികൾ പൂർണമായും നിലവിൽ വരാതെയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. കമ്മിറ്റികളിൽ പിടിമുറുക്കാനുള്ള സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പക്ഷത്തിന്റെ ശ്രമമാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് പുതിയ കമ്മിറ്റികൾ വരാനുള്ളത്. ഇവിടങ്ങളിൽ പഴയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള കമ്മിറ്റിയാണ് നിലവിലുള്ളത്. ഇടുക്കിയിലും കോഴിക്കോടും കൗൺസിൽ നടന്നെങ്കിലും തർക്കം മൂലം പുതിയ കമ്മിറ്റിയെ പ്രഖ്യാപിക്കാനായിട്ടില്ല. കോഴിക്കോട് 13 മണ്ഡലം കമ്മിറ്റികളിൽ പത്തും പി.കെ.നവാസ് പക്ഷത്തിന് എതിരായതോടെ കമ്മിറ്റിയെ പ്രഖ്യാപിച്ചില്ലെന്നാണ് പ്രവർത്തകരുടെ ആരോപണം. മലപ്പുറത്ത് ജില്ലാ കൗൺസിൽ പോലും വിളിച്ചിട്ടില്ല. തർക്കത്തെ തുടർന്ന് കൊണ്ടോട്ടി, തിരൂരങ്ങാടി എന്നിവിടങ്ങളിൽ മണ്ഡലം കമ്മിറ്റിയും പ്രഖ്യാപിച്ചില്ല.
പി.കെ .നവാസ് പ്രസിഡന്റും സി.കെ.നജാഫ് സെക്രട്ടറിയുമായുള്ള നിലവിലെ കമ്മിറ്റി നിലവിൽ വന്നിട്ട് ഏഴുവർഷമായി. രണ്ട് വർഷമാണ് കമ്മിറ്റിയുടെ കാലാവധി എന്നിരിക്കെ പുനഃസംഘടനാ പ്രവർത്തനങ്ങൾ വൈകിപ്പിച്ചതിലൂടെ പുതിയ കമ്മിറ്റികളുടെ തിരഞ്ഞടുപ്പും വൈകി. ഇതിനെതിരെ സമ്മേളനത്തിൽ പ്രതിഷേധമുയർന്നേക്കും. ഡിസംബർ 31 മുമ്പ് ജില്ലാ കൗൺസിലുകൾ പൂർത്തീകരിച്ച് പുതിയ ജില്ലാ കമ്മിറ്റികൾ നിലവിൽ വരണമെന്ന് മുസ്ലിം ലീഗ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.
അംഗീകരിക്കാതെ നേതാക്കൾ
നിലവിൽ വന്ന 11 ജില്ലാ കമ്മിറ്റികളിലും രൂക്ഷമായ തർക്കത്തിനൊടുവിലാണ് പുതിയ കമ്മിറ്റികൾ നിലവിൽ വന്നത്. കാസർകോട് ജില്ലാ കൗൺസിലിൽ ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കൗൺസിൽ പിരിച്ചുവിട്ട് പിന്നീട് കമ്മിറ്റിയെ ലെറ്റർ ഹെഡിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. കണ്ണൂരിൽ തർക്കത്തെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ കമ്മിറ്റിയെ പ്രഖ്യാപിച്ചില്ല. നിലവിലുണ്ടായിരുന്നു ജില്ലാ പ്രസിഡന്റ് കമ്മിറ്റിയെ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. പിന്നീട് മുസ്ലിം ലീഗ് നേതൃത്വം ഇടപ്പെട്ടതോടെ ജില്ലാ പ്രസിഡന്റ് പ്രഖ്യാപിച്ച കമ്മിറ്റിയെ തന്നെ അംഗീകരിക്കുകയായിരുന്നു.
പാലക്കാട് ജില്ലയിൽ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച കമ്മിറ്റിക്കെതിരെ ഒരുകൂട്ടം ഭാരവാഹികൾ മറ്റൊരു കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന കമ്മിറ്റി ലെറ്റർ ഹെഡിൽ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. എറണാകുളത്ത് ജില്ലാ കൗൺസിൽ പോലും ചേരാതെ റിട്ടേണിംഗ് ഓഫീസർ പ്രസ്താവന വഴി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചെന്നാണ് ആരോപണം.