ചൂട് കൂടിയപ്പോൾ ഡിമാൻഡും വർദ്ധിച്ചു, വിപണിയിൽ സാധനം കിട്ടാത്തതിനാൽ വില കുതിച്ചുയരുന്നു
ഉത്പാദനത്തെ ബാധിച്ച് കാലാവസ്ഥ
കൊല്ലം:കാലാവസ്ഥ വ്യതിയാനംപൈനാപ്പിൾ ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചതോടെ കർഷകർ വലയുന്നു.ചൂടു കൂടുന്നതിനാൽ ആവശ്യക്കാർ കൂടിയതും വേണ്ടത്ര പൈനാപ്പിൾ വിപണിയിൽ ഇല്ലാത്തതും മൂലം വില കുതിച്ചുയരുന്നു.
നിലവിൽ മാർക്കറ്റിൽ ഒരു കിലോ പൈനാപ്പിളിന് 55 രൂപയാണ്. റീട്ടെയിൽ വില 70 രൂപ. എന്നാൽ കർഷകർക്ക് സ്‌പെഷ്യൽ ഗ്രേഡിന് 43 ഉം പച്ചയ്ക്ക് 41 ഉം പഴുത്തതിന് 43 ഉം ആണ് ഇന്നലെ ലഭിച്ച വില. ഡിസംബർ അവസാനം സ്‌പെഷ്യൽ ഗ്രേഡിന് 36 ഉം പച്ചയ്ക്ക് 34 ഉം പഴുത്തതിന് 47 ഉം ആയിരുന്നു കർഷകർക്ക് ലഭിച്ചിരുന്നത്. നവംബറിൽ 33 ഉം 31 ഉം 30 ഉം ലഭിച്ചു. ഇതനുസരിച്ച് പൊതുവിപണിയിലെ ഹോൾസെയിൽ, റീട്ടെയിൽ വിലയിലും ഏറ്രക്കുറച്ചിലുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇടയ്ക്കിടെ പെയ്ത കനത്ത മഴ മുതൽ ഇപ്പോഴത്തെ ചൂട് വരെ ഉത്‌പാദനത്തെ ബാധിക്കുന്നുണ്ട്.
ഏപ്രിൽ, മേയ് മാസങ്ങളിൽ ചൂട് കൂടിയാൽ സ്ഥിതി രൂക്ഷമാകും. കടുത്ത ചൂടിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ചെടികൾ വാടുകയാണ്. മഴ എന്നുപെയ്യുമെന്ന് ഉറപ്പില്ലാത്തതിനാൽ വെള്ളത്തിനും തണലിനും മറ്റ് മാർഗങ്ങളെ ആശ്രയിക്കണം. ഓലമടൽ കൊണ്ട് പന്തൽ പോലെ മറച്ചാണ് മുമ്പ് തണലൊരുക്കിയിരുന്നത്. ചെടികൾക്ക് മുകളിൽ പച്ച നിറത്തിലുള്ള വല വിരിക്കുന്നതാണ് ഇപ്പോൾ കൂടുതലായും ആശ്രയിക്കുന്ന രീതി. ജലലഭ്യത മറികടക്കാനായി ചില കർഷകർ പ്രത്യേകം കുളം നിർമ്മിക്കുന്നുണ്ട്.
വളവും കിട്ടാനില്ല
ഓരോ സീസണിലും വളത്തിന്റെ വിലയിൽ വർദ്ധനവുണ്ടാകും. പൊട്ടാഷ്, ഫാക്ടംഫോസ്, യൂറിയ, മസൂറി, മഗ്‌നീഷ്യം എന്നിവയാണ് പൈനാപ്പിൾ കൃഷിക്ക് ഉപയോഗിക്കുന്ന വളങ്ങൾ. വളങ്ങളുടെ വിലവർദ്ധനവും ലഭ്യതക്കുറവും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. യൂറിയയുടെ ലഭ്യതക്കുറവാണ് കർഷകരെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മേഖലയിൽ തൊഴിലാളി ക്ഷാമവും നേരിടുന്നുണ്ട്.
നാല് ഗ്രേഡുകൾ
എ, ബി, സി, ഡി എന്നിങ്ങനെ നാലുഗ്രേഡായി തിരിച്ചാണ് പൈനാപ്പിൾ കച്ചവടം
ഒരു കിലോയ്ക്ക് മുകളിലുള്ള പൈനാപ്പിളുകാണ് എ ഗ്രേഡായി പരിഗണിക്കുന്നത്
600 ഗ്രാം മുതൽ ഒരു കിലോ വരെയുള്ളവ ബി ഗ്രേഡ്
അതിനു താഴെയുള്ളവ സി, ഡി ഗ്രേഡ്
ഡിസംബർ പകുതിയോടെ ആരംഭിച്ച ചൂടിന്റെ ആഘാതം പൈനാപ്പിൾ കൃഷിയെ ബാധിച്ചിട്ടുണ്ട്. പൈനാപ്പിൾ ഉത്പാദനത്തിൽ അല്പം ഇടിവ് ഉണ്ടായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം മികച്ച വലിപ്പവും രൂപവുമുള്ള കൈതച്ചക്കകൾ വിപണിയിൽ എത്തിക്കാൻ കഴിയാത്തത് പ്രതിസന്ധിയാണ്. നോമ്പ് തുടങ്ങുന്നതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത
ബേബി ജോൺ,പ്രസിഡന്റ്,പൈനാപ്പിൽ ഗ്രോവേഴ്‌സ് അസോസിയേഷൻ