നാലിൽ നീറി
വിശാഖപട്ടണം: ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് 50 റൺസിന്റെ തോൽവി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അവസാന മത്സരം 31ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.
വിശാഖപട്ടണം വേദിയായ നാലാം അങ്കത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാൻഡ് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 215 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 165 റൺസിന് ഓൾഔട്ടായി.
15 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച ശിവം ദുബെയ്ക്കും (23 പന്തിൽ 65, 7 സിക്‌സ്, 3 ഫോർ), റിങ്കു സിംഗിനും (30 പന്തിൽ 39), സഞ്ജു സാംസണും (15 പന്തിൽ 24) മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങാനായുള്ളൂ. ട്വന്റി-20യിൽ ഔരിന്ത്യൻ ബാറ്ററുടെ വേഗമേറിയ മൂന്നാമത്തെ ഫിഫ്‌റ്റിയാണ് ദുബെ കുറിച്ചത്. അഭിഷേക് ശർമ്മ (0), ക്യാപ്‌ടൻ സൂര്യകുമാർ യാദവ് (8), ഹാർദിക് പാണ്ഡ്യ (2) എന്നിവർ നിരാശപ്പെടുത്തി. ഇഷാൻ കിഷൻ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മിച്ചൽ സാന്റ്‌നർ ന്യൂസിലാൻഡിനായി 3 വിക്കറ്റ് വീഴ്‌ത്തി.
നേരത്തേ ടിം സെയ്ഫെർട്ട് (36 പന്തിൽ 62), ഡെവോൺ കോൺവേ( 23 പന്തിൽ 44), ഡാരിൽ മിച്ചൽ (പുറത്താകാതെ 18 പന്തിൽ 39), ഗ്ലെൻ ഫിലിപ്പ്‌സ് (24) എന്നിവരുടെ ബാറ്റിംഗാണ് കിവികളെ മികച്ച സ്കോറിൽ എത്തിച്ചത്. ഇന്ത്യയ്‌ക്കായി അർഷ്‌ദീപും കുൽദീപും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
സന്തോഷം തുടരാൻ
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇന്ന് നടക്കുന്ന നിർണായക പോരാട്ടത്തിൽ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾ സജീവമാക്കാൻ കേരളം ഇന്ന് മേഘാലയയെ നേരിടും. അസമിലെ ധേമാജിയിലെ സിലാപത്തർ ഫുട്ബോൾ ഗ്രൗണ്ടിൽ ഉച്ചകഴിഞ്ഞ് 2 മുതലാണ് പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ ഒഡിഷയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതിന്റെ ആത്‌മവിശ്വാസത്തിലാണ് കേരളം ഇന്ന് ഇറങ്ങുന്നത്. ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി അറിയാതെ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് കേരളം. 5 പോയിന്റുള്ള മേഘാലയ മൂന്നാമതാണ്.
ഇന്നലെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ അസം 3-0ത്തിന് രാജസ്ഥാനെയും ഉത്തരാഘണ്ഡ് 2-1ന് നാഗാലാൻഡിനേയും കീഴടക്കി. കരുത്തരായ ബംഗാളിനെ തമിഴ്‌നാട് 1-1ന് സമനിലയിൽ കുരുക്കി.