കൂടുതൽ പാക്കേജുകളും ആശുപത്രികളും, മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നുമുതൽ

Thursday 29 January 2026 10:47 AM IST

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ മെഡിസെപ്പ് 2.0 പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 11 ലക്ഷത്തോളം പെൻഷൻകാർക്കും സൗജന്യ മെഡിക്കൽ സേവനം മെഡിസെപ്പിന്റെ ആദ്യഘട്ടത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 104 വയസുള്ള ആൾവരെ പദ്ധതിയിൽ അംഗമായി സേവനം തേടിയിട്ടുണ്ട്.

കൂടുതൽ പാക്കേജുകളും കൂടുതൽ ആശുപത്രികളും ചേർത്ത് മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നുമുതൽ നടപ്പിൽ വരും. രണ്ടാം ഘട്ടത്തിന് 8,244 രൂപയാണ് വാർഷിക പ്രീമിയം. ശമ്പളത്തിലും പെൻഷനിലും നിന്ന് മാസം 687 രൂപ പിടിക്കും. ചികിത്സാ പാക്കേജ് നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കും. ഒന്നാം ഘട്ടത്തിൽ 500 രൂപയായിരുന്നു പ്രതിമാസ പ്രീമിയം. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയ്ക്കാണ് നിർവഹണ ചുമതല. എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിലെല്ലാം ക്യാഷ്‌ലെസ് കിടത്തി ചികിത്സ ലഭ്യമാകും. മെഡിക്കൽ, സർജിക്കൽ ഉൾപ്പെടെ 2,516 പാക്കേജുകൾ പുതുക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 1,920 പാക്കേജുകളാണ് ഉണ്ടായിരുന്നത്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തുന്നതിനോടൊപ്പം ഓരോ ആശുപത്രിയിലും ലഭ്യമായ എല്ലാ വിഭാഗങ്ങളെയും എംപാനൽ ചെയ്യാനുള്ള വ്യവസ്ഥയുമുണ്ട്. പ്രതിദിനം 5,000 രൂപ വരെ മുറി വാടക, സർക്കാർ പേ വാർഡ് മുറി വാടക പ്രതിദിനം 2,000 രൂപ വരെയാക്കി ഉയർത്തി.

മുട്ട് മാറ്റി വയ്ക്കൽ സൗകര്യം സ്വകാര്യ ആശുപത്രികളിലും

  • മുട്ട് മാറ്റിവയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിലും ലഭ്യമാക്കും. .
  • ശ്രീ ചിത്ര, ജിപ്മർ എന്നീ ആശുപത്രികൾ പദ്ധതിയിൽ എംപാനൽ ചെയ്യാത്ത പക്ഷം ഈ ആശുപത്രികളിലെ ചികിത്സകൾക്ക് റീഇംപേഴ്സമെന്റ് ലഭ്യമാക്കും.
  • പത്ത് അതീവ ഗുരുതര, അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള അധിക പരിരക്ഷ അടുത്ത ഘട്ടത്തിലും തുടരും. രണ്ടു വർഷത്തേയ്ക്ക് 40 കോടി രൂപ ഇൻഷ്വറൻസ് കമ്പനി മാറ്റി വയ്ക്കും
  • റോഡപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ തേടാം. ഇതിന്റെ ചെലവ് കമ്പനി മടക്കി നൽകും.
  • കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളെയും പരാതി പരിഹാര സംവിധാനത്തിൽ ഉൾപ്പെടുത്തും.
  • പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂർണ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാക്കും.