'മത ന്യൂനപക്ഷങ്ങളിൽ എസ്ഐആർ ആശങ്കയാകുന്നു; ഇതകറ്റാൻ നേറ്റിവിറ്റി കാർഡ് കൊണ്ടുവരും'

Thursday 29 January 2026 11:19 AM IST

തിരുവനന്തപുരം: സംസ്ഥാനബഡ്‌ജറ്റിൽ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിച്ച് മന്ത്രി കെഎൻ ബാലഗോപാൽ. മത ന്യൂനപക്ഷങ്ങളിൽ എസ്ഐആർ വലിയ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഇതകറ്റാനായി കേരളസർക്കാർ നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിനായി പുതിയ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി അറിയിച്ചു. മതസാമുദായിക സൗഹൃദം അടയാളപ്പെടുത്താൻ ബഡ്‌ജറ്റിൽ 10 കോടി വിലയിരുത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ എൻ ബാലഗോപാലിന്റെ ആറാമത്തെയും ബഡ്ജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. രാവിലെ ഒമ്പത് മണിയോടെയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബഡ്‌ജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയെന്ന ചാരിതാർത്ഥ്യം സർക്കാരിനുണ്ട്. ധനനിലയിൽ വലിയ പുരോഗതി കേരളത്തിന് സംഭവിച്ചെന്നും മന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു. പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ടാണ് മന്ത്രി ബ‌ഡ്‌ജറ്റ് പ്രഖ്യാപനം തുടങ്ങിയത്. കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടെയും കേരളം വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷം മുൻപുള്ള കേരളമല്ല ഇന്നത്തെ കേരളമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും വിമർശനം ഉയർന്നു. ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ശമ്പള പരിഷ്കരണവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.