കെ സ്‌പേസിന് 57 കോടി, കെ ഫോണിന് 112 കോടി; ഡെലിവറി വർക്കേഴ്‌സിന്റെ ക്ഷേമത്തിനായി 20 കോടിയും വകയിരുത്തി
Thursday 29 January 2026 11:32 AM IST
തിരുവനന്തപുരം: സംസ്ഥാന ബഡ്‌ജറ്റിൽ കെ സ്‌പേസിന് 57 കോടി രൂപ നീക്കിവയ്‌ക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കെ ഫോണിന് 112.44 കോടി രൂപയും പ്രവാസി വ്യവസായ പാർക്കിന് 20 കോടി രൂപയും നീക്കിവയ്‌ക്കും. സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി വ്യക്തമാക്കി.
വർക്ക് നിയർ ഹോം പദ്ധതി വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി 200 കേന്ദ്രങ്ങൾ തുറക്കാൻ 150 കോടി രൂപ വകയിരുത്തി. തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ സ്ഥാപിക്കുമെന്നും ഡെലിവറി വർക്കേഴ്‌സിന്റെ ക്ഷേമത്തിനായി 20 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ക്യാൻസർ, ലെപ്രസി, ക്ഷയം, എയ്‌ഡ്‌സ് രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർദ്ധിപ്പിച്ചു. ഡിജിറ്റൽ സർവകലാശാലയ്‌ക്ക് 27.21 കോടി രൂപയും മന്ത്രി പ്രഖ്യാപിച്ചു.