'ഓരോ എംഎൽഎയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികൾ നിർദേശിക്കാം'; ബഡ്‌ജറ്റിൽ പുതിയ നിർദേശം

Thursday 29 January 2026 12:33 PM IST

തിരുവനന്തപുരം: 2026ലെ സംസ്ഥാ‌ന ബഡ്‌ജറ്റിൽ എംഎൽഎമാർക്കായി പ്രത്യേക നിർദേശം. ഓരോ എംഎൽഎയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികൾ നിർദേശിക്കാമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. പിണറായി വിജയൻ സർക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ എൻ ബാലഗോപാലിന്റെ ആറാമത്തെയും ബഡ്ജറ്റ് അവതരണമാണ് സഭയിൽ നടന്നത്. തോമസ് ഐസക്കിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ഏറ്റവും ദൈർഘ്യമേറിയ നാലാമത്തെ ബഡ്‌ജറ്റ് അവതരണമാണ് കെ എൻ ബാലഗോപാൽ നടത്തിയത്. രണ്ട് മണിക്കൂറും 53 മിനിട്ടുമായിരുന്നു ബഡ്‌ജറ്റ് അവതരണം.

സുപ്രധാന പ്രഖ്യാപനങ്ങൾ

  • സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ
  • പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി, പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയംതൊഴിലിന് മൂന്ന് കോടി, ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി, ന്യൂനപക്ഷ വിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നാല് കോടി
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി, തൊഴിലാളി ക്ഷേമ പദ്ധതികൾക്കായി 950.89 കോടി
  • കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്
  • പൊതുവിദ്യാഭ്യാസത്തിന് 1128 കോടി, ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപ
  • സ്ത്രീ സുരക്ഷ പെൻഷനായി 3820 കോടി രൂപ
  • വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആദ്യബാച്ച് വീട് അടുത്ത മൂന്നാംവാരം കൈമാറും