കഴക്കൂട്ടത്ത് വൻ തീപിടിത്തം; തീ പടർന്നത് ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റിന്റെ തൊട്ടടുത്ത്
Thursday 29 January 2026 3:22 PM IST
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിൽ വൻ തീപിടിത്തം. വനിതാ ബറ്റാലിയൻ ക്യാമ്പിന് സമീപമുള്ള പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത്. കാറ്റുള്ളതിനാൽ തീ അതിവേഗം പടരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
തീ പിടിച്ച ഭാഗത്തിനുസമീപത്തായി ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റ് സ്ഥിതിചെയ്യുന്നതിനാൽ അധികൃതർ ജാഗ്രത പുലർത്തുകയാണ്. മുൻകരുതൽ നടപടിയായി പ്രദേശത്തെ സ്കൂൾ, കോളേജ്, ഐടിഐ എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. തീ അണയ്ക്കാനായി ടെക്നോപാർക്ക്, ചാക്ക തുടങ്ങിയ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടില്ല.