തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി ദുരിതക്കിടക്കയിൽ

Friday 30 January 2026 12:26 AM IST
കാഷ്വാലിറ്റിയിൽ ഡോക്ടറെ കാത്ത് രോഗികളുടെ നീണ്ട കാത്തിരിപ്പ്

തൃപ്പൂണിത്തുറ: ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. നിത്യേന ആയിരത്തിലധികം രോഗികൾ എത്തുന്ന ഇവിടെ ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞാൽ വിദഗ്ദ്ധചികിത്സ ലഭ്യമല്ല. നബാർഡ് സഹായത്തോടെ കെട്ടിടങ്ങൾ പുതുക്കിപ്പണിതെങ്കിലും ജീവനക്കാരെ നിയമിക്കാത്തത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു.

നിലവിൽ 15 ഡോക്ടർമാരുടെ സേവനം മാത്രമാണുള്ളത്. അത്യാഹിത വിഭാഗത്തിൽ 2 ഡോക്ടർമാരും ദന്ത, നേത്രവിഭാഗങ്ങളിലും ഡോക്ടർമാരുണ്ട്. എന്നാൽ സർജൻ ഒരാളേയുള്ളു. സീനിയർ ഫിസിഷ്യൻ അവധിയിലായതും ജൂനിയർ ഫിസിഷ്യൻ ഇല്ലാത്തതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഓർത്തോ വിഭാഗം ഡോക്ടർ സ്ഥലംമാറിപ്പോയതിനാൽ ആഴ്ചയിൽ 3 ദിവസം മാത്രമാണ് സേവനം. 15 വർഷമായി ഒഴിഞ്ഞുകിടക്കുന്ന സർജൻ തസ്തികയിൽ പുനർനിയമനമില്ല.

അപകടമരണങ്ങളും തൂങ്ങിമരണങ്ങളും മാത്രമേ ഇവിടെ പോസ്റ്റ്മോർട്ടം നടത്താറുള്ളൂ. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി നൽകിയാലും സ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താൻ കളമശേരി മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

1 തൃപ്പൂണിത്തുറ, മരട്, ഉദയംപേരൂർ, ചോറ്റാനിക്കര, മുളന്തുരുത്തി, പെരുമ്പളം മേഖലകളിലെ രോഗികളുടെ പ്രധാന ആശ്രയകേന്ദ്രം

2 കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല

3 മൂന്ന് ഷിഫ്റ്റുകളിലായി 96 ജീവനക്കാരുണ്ടെങ്കിലും ഉച്ചയ്ക്കുശേഷം ക്യാഷ്വാലിറ്റി ഡോക്ടറെ മാത്രമാണ് രോഗികൾക്ക് ആശ്രയിക്കാനാവുന്നത്

4 ആശുപത്രിയിൽ എത്തുന്നവർക്ക് ഹെൽപ്പ് ഡെസ്ക് സൗകര്യങ്ങളും പലപ്പോഴും ലഭ്യമല്ല

ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാൽ വയോജനങ്ങളും വികലാംഗരും ഗർഭിണികളും ദീർഘനേരം ഡോക്ടർമാരെയും കാത്ത് ക്യൂവിൽ നിൽക്കേണ്ട ഗതികേടിലാണ്. കാഷ്വാലിറ്റിയിലെ ഡോക്ടർമാർ മുട്ടുശാന്തിക്കുള്ള മരുന്നുകൾ നൽകി സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലോ മറ്റു സർക്കാർ ആശുപത്രിയിലെ ഫിസിഷ്യനെ സമീപിക്കുവാനാണ് നിർദ്ദേശിക്കുന്നത്

രാജൻ പനയ്ക്കൽ, പൊതുപ്രവർത്തകൻ

നിലവിലുള്ള ഫിസിഷന് ചിക്കൻപോക്സ് പിടിപെട്ടതിനാൽ അവധി ആയതിനാലാണ് ആശുപത്രിയിൽ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകിവരുന്നുണ്ട്.

ഡോ. സി. സുമ

ആശുപത്രി സൂപ്രണ്ട്