ബദരിനാഥിനെ വലംവച്ച് സൈഗാൾ സംഗീതം

Friday 30 January 2026 12:47 AM IST
സംഗീത സംവിധായകൻ സൈഗാൾ

കൊച്ചി: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിൽ ഭഗവാനെ തഴുകിയുണർത്തുന്നത് തൃപ്പൂണിത്തുറ സ്വദേശി പി.ഡി. സൈഗാളിന്റെ രാഗാമൃതം. ഇവിടെ പൂജാരിയായിരുന്ന കാസർകോട് സ്വദേശി ഗണപതി നമ്പൂതിരി സംസ്‌കൃതത്തിൽ രചിച്ച ബദരിനാഥ് സുപ്രഭാതത്തിന് ഈണം പകർന്നത് ഈ 55കാരനാണ്. സൈഗാൾ ബദരിനാഥിൽ പോയിട്ടില്ലെങ്കിലും എന്നും ഈ കീർത്തനത്തിന്റെ പ്രദക്ഷിണവഴിയിലുണ്ട്. 'അതിരമണീയം, തവ തിരുരൂപം, പൂർണത്രയിശ ഹരേ... കൃഷ്ണാ..." എന്ന പ്രശസ്തമായ കീർത്തനം കേട്ടിട്ടുള്ളവർക്ക് സൈഗാളിനെ മറക്കാനാവില്ല. കെ.എ. ഉണ്ണിത്താൻ രചിച്ച ഈ കീർത്തനത്തിനും ഇദ്ദേഹമാണ് ഈണം നൽകിയത്. സുഹൃത്തായ ഇൻകംടാക്‌സ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്റെ അച്ഛൻ ഗണപതി നമ്പൂതിരിയെ പരിചയപ്പെടുത്തിയത്. അച്ഛന്റെ കീർത്തനത്തിന് സംഗീതം നൽകാമോ എന്ന ചോദ്യം നൽകിയത് വലിയ അവസരം. പൂർണത്രയീശന്റെ നടയിൽ സംഗീതാർച്ചന നടത്തി വളർന്ന സൈഗാൾ ചലച്ചിത്രഗാനരംഗത്തേക്കും കടന്നു. ടി.ജി. രവി നിർമ്മിക്കുന്ന 'വടു" എന്ന സിനിമയിലെ ഗാനങ്ങളുടെ സംഗീതസംവിധായകനായി. നിർമ്മാതാവും ഗാനരചയിതാവുമായ മുരളി നീലാംബരിയാണ് അവസരം നൽകിയത്. പി.കെ. ബാബു,​ ഉഡുപ്പി ശങ്കരനാരായണൻ, പാലക്കാട് സംഗീത കോളേജ് പ്രിൻസിപ്പൽ രാജാറാവു എന്നി​വരാണ് ഗുരുക്കന്മാർ. പ്രമുഖ ഗായകരുടെ പാട്ടുകൾക്ക് ഈണം നൽകിയിട്ടുണ്ട്. ലിജയാണ് ഭാര്യ. മകൾ അഡ്വ. കീർത്തന.

ജയചന്ദ്രനുമായി

ഊഷ്മളബന്ധം

ഗായകൻ ജയചന്ദ്രനുമായുള്ള സ്‌നേഹബന്ധം തുടങ്ങിയത് ചെറിയൊരു പിണക്കത്തിൽ. ആദ്യ സി.ഡിയുടെ റെക്കോർഡിംഗിനിടെ അദ്ദേഹം പാടിയപ്പോൾ, തെറ്റ് ചൂണ്ടിക്കാട്ടേണ്ടിവന്നു. എങ്കിൽ താൻ പാടടോ എന്നു പറഞ്ഞ് ഇറങ്ങിവന്നു. പാടി കേൾപ്പിച്ചപ്പോൾ മിണ്ടാതെ കേട്ടുനിന്നു. ദേഷ്യം മാറി. ഉടനെ പാടുകയും ചെയ്തു. പിറ്റേന്ന് അതിരാവിലെ വിളിച്ചു. തൃപ്പൂണിത്തുറയിൽ വരുന്നുണ്ടെന്നും കാണണമെന്നും പറഞ്ഞു. തന്റെ ഒരു പാട്ടുകൂടി പാടണമല്ലോ എന്നു പറഞ്ഞാണ് സ്റ്റുഡിയോയിൽ കയറിവന്നത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞപ്പോൾ തന്നോടു കാശു വല്ലോം ചോദിച്ചോ എന്നായി. സൗജന്യമായി രണ്ടുപാട്ട് പാടി. മരണം വരെ ആ ഊഷ്മളബന്ധം തുടർന്നു.