'പ്രതിപക്ഷ നേതാവ് കൃത്യമായി തന്റെ അലവൻസുകൾ ഖജനാവിൽ നിന്ന് കെെപ്പറ്റുന്നില്ലേ?'; വിമർശിച്ച് ശിവൻകുട്ടി

Thursday 29 January 2026 4:45 PM IST

തിരുവനന്തപുരം: ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്നാണ് ശിവൻകുട്ടി പ്രതികരിച്ചത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഖജനാവ് കാലിയാണെന്ന് രാപകൽ പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്റെ അലവൻസുകൾ ഇതേ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

പോസ്റ്റിന്റെ പൂർണരൂപം

വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കും. ബജറ്റ് അവതരണത്തിന് പിന്നാലെ 'ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും, സർക്കാർ പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവിച്ച് കണ്ടു. ഖജനാവ് കാലിയാണെന്ന് രാപകൽ പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്റെ അലവൻസുകൾ ഇതേ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നത്.

ഖജനാവ് അത്രയ്ക്ക് ശൂന്യമാണെങ്കിൽ താങ്കൾക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങൾ എവിടെ നിന്നാണ് വരുന്നത്? നാടിന്റെ വികസനത്തിനും പാവപ്പെട്ടവന്റെ ക്ഷേമത്തിനുമായി സർക്കാർ നീക്കിവെക്കുന്ന ഓരോ രൂപയും കൃത്യമായ ആസൂത്രണത്തോടെയാണ് വിനിയോഗിക്കുന്നത്.

പ്രതിപക്ഷ നേതാവിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലെ തന്നെ, ഈ നാട്ടിലെ പാവപ്പെട്ടവർക്ക് ലഭിക്കേണ്ട പെൻഷനും മറ്റ് ക്ഷേമ പദ്ധതികളും സർക്കാർ കൃത്യമായി ഉറപ്പാക്കുന്നുണ്ട്. ഖജനാവ് കാലിയാണെന്ന് പറയുന്നവർ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുത്.

ബഡ്ജറ്റിലുള്ളത് വെറും വാക്കുകളല്ല, മറിച്ച് ഈ നാടിന്റെ പുരോഗതിക്കുള്ള കൃത്യമായ റോഡ് മാപ്പാണ്. അത് ജനങ്ങൾക്ക് ബോധ്യമുണ്ട്.

നെഗറ്റീവ് വാർത്തകൾ പടച്ചുവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹം മാത്രമാണ്. ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്.

നമുക്ക് ഒരുമിച്ച് മുന്നേറാം, നാടിന്റെ നന്മയ്ക്കായി.