"സ്ളേറ്റിലെ" അഴിമതി മായുന്നില്ല, വിജിലൻസ്  അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ്

Thursday 29 January 2026 6:28 PM IST

കോലഞ്ചേരി: കുന്നത്തുനാട് എം.എൽ.എ നടപ്പാക്കിയ "സ്ളേറ്റ്" പദ്ധതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. മണ്ഡലത്തിലെ സ്കൂളുകളിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്താനെന്ന പേരിൽ ബി.പി.സി.എല്ലുമായി ചേർന്ന് സ്വകാര്യ സംരംഭകരെ നിയോഗിച്ച് എം.എൽ.എ നടപ്പാക്കിയ പദ്ധതിയാണ് സ്ലേറ്റ്.

രണ്ട് ഘട്ടമായി ഈ പദ്ധതിക്ക് അനുവദിച്ച 1.9 കോടി രൂപ ചെലവഴിച്ചതിൽ വ്യാപക അഴിമതിയുണ്ടെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്സൽ ജബ്ബാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2024-25ൽ 90 ലക്ഷം രൂപയും ഈ വർഷം അദ്ധ്യയനം അവസാനിക്കാൻ നാളുകൾ മാത്രം ശേഷിക്കെ ഒരു കോടി രൂപയുമാണ് അനുവദിച്ചത്. സർക്കാർ എയ്ഡഡ് മേഖലയിലെ തിരഞ്ഞെടുത്ത 20 സ്കൂളുകളിലെ 11,000 കുട്ടികൾക്ക് പരിശീലനം നൽകാനെന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ നൂറിൽ താഴെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ച് നടത്തിയ പരിപാടികൾ ലക്ഷ്യം കണ്ടില്ലെന്നാണ് ആരോപണം.

നിയമം, ഭരണഘടന പരിശീലനത്തിനായി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 25 പേരെ പങ്കെടുപ്പിച്ച് മോക് പാർലമെന്റും നടത്തിയതൊഴിച്ചാൽ പദ്ധതിയുടെ ഭാഗമായി മറ്റ് നടപടികളൊന്നുമുണ്ടായില്ലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കുട്ടികളുടെ പേരിൽ എം.എൽ.എ നടത്തിയ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് അമൽ അയ്യപ്പൻകുട്ടി, സെക്രട്ടറി അരുൺ പാലിയത്ത്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിസഡന്റ് അഞ്ചൽ സുനീഷ് എന്നിവർ പങ്കെടുത്തു.

സ്ളേറ്റ് പദ്ധതി തീർത്തും സുതാര്യമായാണ് നടപ്പാക്കിയത്. ഒരു രൂപയുടെ അഴിമതിയില്ല. കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ ഏത് അന്വേഷണം നേരിടാനും തയ്യാറാണ്.

പി.വി.ശ്രീനിജിൻ, എം.എൽ.എ