ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ പാകിസ്ഥാന്‍, പക്ഷേ ഇക്കാര്യം നടന്നാല്‍ മാത്രം

Thursday 29 January 2026 8:10 PM IST

ലാഹോര്‍: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ ആലോചിച്ച് പാകിസ്ഥാന്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്‌വിയും കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം അറിയിക്കാനാണ് പാകിസ്ഥാന്‍ ആലോചിക്കുന്നത്. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറാന്‍ കാരണക്കാര്‍ ഇന്ത്യയാണെന്നതാണ് പാക് പ്രതിഷേധത്തിന് വഴിവച്ചത്.

തങ്ങളുടെ മത്സരങ്ങള്‍ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് പിന്‍മാറുകയും പകരമായി സ്‌കോട്‌ലാന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന ഐസിസിയുടെ താക്കീതിന് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുമടക്കുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനുള്ള പിന്തുണയുടെ ഭാഗമായി ഇന്ത്യക്കെതിരായ തങ്ങളുടെ മത്സരം ബഹിഷ്‌കരിക്കാന്‍ ആണ് പാകിസ്ഥാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, യുഎസ്എ, നെതര്‍ലാന്‍ഡ്‌സ് എന്നിവരാണ് ഒരേ ഗ്രൂപ്പില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റ് രണ്ട് എതിരാളികളേയും തോല്‍പ്പിക്കാനായാല്‍ അടുത്ത റൗണ്ട് ഉറപ്പാണെന്നിരിക്കെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാം എന്നാണ് പാകിസ്ഥാന്‍ ആലോചിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോകകപ്പില്‍ യുഎസ്എയോട് തോറ്റ പാകിസ്ഥാന്‍ മുന്‍കൂട്ടി നിലപാട് പ്രഖ്യാപിക്കാന്‍ തയ്യാറല്ല. യുഎസ്എ, നെതര്‍ലാന്‍ഡ്‌സ് എന്നിവരെ തോല്‍പ്പിക്കാനായില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്നാണ് സൂചന.

ബംഗ്ലാദേശ് ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാനുള്ള ആലോചനയിലെത്തിയത്. ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെ ലോകകപ്പ് കളിപ്പിക്കാന്‍ ഐസിസി തീരുമാനിച്ചതോടെ പാകിസ്ഥാനും ടൂര്‍ണമെന്റ് കളിക്കുമോയെന്ന കാര്യം ഉറപ്പില്ലെന്ന് വ്യക്തമാക്കി. പിന്നാലെയാണ് നഖ്വി പാക് പ്രധാനമന്ത്രിയുമായി നിര്‍ണായക ചര്‍ച്ച നടത്തിയത്. ഏകദേശം 30 മിനിറ്റ് നേരം ഇരുവരും വിഷയം ചര്‍ച്ച ചെയ്തു. അതേസമയം, അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.