ജില്ലയിലെ സ്കൂളുകളിൽ: കുട്ടികളെ കേൾക്കാൻ സൈക്കോളജിസ്റ്റുമാരില്ല
പത്തനംതിട്ട: കുട്ടികൾക്ക് പറയാനേറെയുണ്ട്, പക്ഷേ കേൾക്കാൻ ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും സൈക്കോളജിസ്റ്റ് കൗൺസിലർമാരില്ല. സ്കൂളുകളിൽ സൈക്കോളജിസ്റ്റ് കൗൺസിലർമാരെ നിയമിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ബാലപാഠത്തിന്റെ വില പോലും നൽകുന്നില്ല. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ ജില്ലയിൽ 821 സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇതിൽ 44 ഗവ. സ്‌കൂളുകളിലും ഒരു എയ്ഡഡ് സ്‌കൂളിലും മാത്രമാണ് കൗൺസിലർമാരുള്ളത്. നിലവിൽ രണ്ട് ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില കൗൺസിലർമാർ രണ്ട് സ്‌കൂളുകളിൽ വരെ സർവീസ് നൽകുന്നുണ്ട്.
കുടുംബം, ബന്ധുക്കൾ, സ്കൂൾ എന്നിവിടങ്ങളിൽ സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ആശ്വാസമാണ് കൗൺസിലർമാരുടെ സേവനം. മനസ് തുറന്ന് സംസാരിക്കാൻ കഴിയാതെ ആത്മസംഘർഷം അനുഭവിക്കുന്ന കുട്ടികൾ പലപ്പോഴും മോശം സാഹചര്യങ്ങളിൽ എത്തിപ്പെടാറുണ്ട്. അവരിൽ ചിലർ ഒടുവിൽ ആത്മഹത്യയിൽ അഭയം തേടുന്നു. കുട്ടികളുടെ ഈ അവസ്ഥ മറ്റ് പലരും ചൂഷണം ചെയ്യുന്നുമുണ്ട്. വീട്ടിൽ നിന്നുള്ള ഇറങ്ങിപ്പോക്കും ലഹരി ഉപയോഗവുമെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്.
നിയമനം നടക്കുന്നില്ല
വനിതാ ശിശുവികസന വകുപ്പാണ് നിയമനം നടത്തേണ്ടത്
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ നിയമനം മരവിപ്പിക്കുന്നു
നിയമനം നടത്താൻ സ്കൂൾ അധികൃതരും താത്പര്യം കാണിക്കുന്നില്ല
സേവനം നിലവിലുള്ളത് ജില്ലയിലെ വിരലിലെണ്ണാവുന്ന സർക്കാർ സ്കൂളുകളിൽ
കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികളിൽ കുട്ടികളുടെ മാനസിക ചികിത്സ ലഭ്യമാണ്
കൂടുതൽ രക്ഷിതാക്കളും കുട്ടികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ ആവശ്യപ്പെടുന്നു
ആകെ ഗവ. സ്‌കൂളുകൾ
294
എയ്ഡഡ് സ്‌കൂളുകൾ
481
അൺ എയ്ഡഡ് സ്‌കൂളുകൾ
46
കൗൺസിലർമാരുള്ള
ഗവ. സ്‌കൂളുകൾ
44
എയ്ഡഡ് സ്‌കൂൾ-1
സൈക്കോളജിസ്റ്റ് കൗൺസിലർമാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിലെ കുട്ടികൾക്ക് സൈക്കോളജി സേവനം ആവശ്യമായി വരുന്നുണ്ട്.
വനിതാ ശിശുവികസന വകുപ്പ് അധികൃതർ