കേരളത്തില്‍ വീടും വസ്തുവും വാങ്ങുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു; റിയല്‍ എസ്റ്റേറ്റ് മേഖലയെ ബാധിക്കുന്നത് രണ്ട് ഫാക്ടറുകള്‍

Thursday 29 January 2026 9:56 PM IST

തിരുവനന്തപുരം: കേരളത്തില്‍ പുതിയ വീടുകളുടേയും ഭൂമിയുടേയും വില ഉയരുകയാണ്. ദേശീയപാതയും വന്‍കിട പദ്ധതികളും സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാകുന്നതുകൊണ്ട് തന്നെ ഇത്തരമൊരു കുതിപ്പ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന കാര്യവുമാണ്. എന്നാല്‍ പുതിയതായി വീടും വസ്തുവും വാങ്ങുന്നവരുടെ എണ്ണം കുത്തനെ കുറയുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ പ്രധാന നഗരങ്ങള്‍ വിട്ട് കഴിഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചെറുതല്ലാത്ത പ്രതിസന്ധി രൂപപ്പെട്ടിട്ടുണ്ട്.

നഗരങ്ങളും അവയോട് ചേര്‍ന്ന പ്രദേശങ്ങളും പോലും ഭൂമി വില്‍പ്പനയുടെ കാര്യത്തില്‍ പ്രതീക്ഷിച്ച വേഗത കൈവരിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലെ കാര്യമാണെങ്കില്‍ ഇതിലും കഷ്ടമാണ്. ആവശ്യത്തില്‍ കൂടുതല്‍ സ്ഥലവും വീടുകളും വില്‍പ്പനയ്ക്കുണ്ടെങ്കിലും വാങ്ങാന്‍ ആളില്ലെന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തിയവരേയും ബാധിക്കുന്നുണ്ട്. പലരും ഈ മേഖലയിലെ നിക്ഷേപത്തില്‍ നിന്ന് പിന്നോട്ട് പോകുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിന്ന് അത്ര ഉറപ്പില്ലെന്ന സ്ഥിതിയിലേക്ക് റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ എത്തുകയാണ്.

സ്റ്റാമ്പ് ഡ്യൂട്ടിയിലും ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസിലും വര്‍ദ്ധന ഉണ്ടായതോടെ ഭൂമിയിടപാടുകള്‍ നടത്താന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യമുണ്ട്. ഭൂമി ഇടപാടുകളില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ചിരുന്ന വരുമാനം കുത്തനെ ഇടിഞ്ഞുവെന്നാണ് സര്‍ക്കാര്‍ കണക്ക്. രണ്ട് കാരണങ്ങളാണ് പ്രധാനമായും വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും ഇപ്പോള്‍ പ്രവാസികള്‍ക്ക് സ്വന്തമായി വീടും സ്ഥലവും വാങ്ങാനുള്ള നിയമം പ്രാബല്യത്തിലുണ്ട്. നിരവധി പ്രവാസി മലയാളികള്‍ നാട്ടിലെ സ്ഥലവും വീടും വിറ്റൊഴിവാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ വീട് സ്വന്തമാക്കുന്നുണ്ട്.

യൂറോപ്പിലേക്കുള്ള മലയാളികളുടെ കുടിയേറ്റവും അടുത്ത തലമുറയ്ക്ക് വീടിനായി ലക്ഷങ്ങള്‍ ചെലവാക്കാനുള്ള താത്പര്യമില്ലായ്മയും ബിസിനസ് കുറയുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വില്‍പ്പന കുറഞ്ഞുവെങ്കിലും ഭൂമിയുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവ് തന്നെയാണ് ഉണ്ടാകുന്നത്. വന്‍കിട പദ്ധതി പ്രദേശങ്ങളുമായി ചേര്‍ന്ന് കിടക്കുന്ന ഭൂമിക്ക് വില സാധാരണയിലും കൂടുതലുമാണ്. ഇത്തരം സ്ഥലങ്ങളില്‍ വില ഇനിയും കൂടുമെന്ന കണക്കുകൂട്ടലില്‍ ഭൂമി വില്‍ക്കാതിരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.