കുംഭമേള ഇനി നാലു നാൾ
തിരൂർ: തിരുനാവായയിൽ കേരള കുംഭമേളയായി ആഘോഷിക്കുന്ന മാഘമക മഹോത്സവം ഫെബ്രുവരി മൂന്നിന് അവസാനിക്കും. വൻ തോതിലാണ് ഭക്തജനങ്ങൾ നിളാതീരത്തേക്കെത്തുന്നത്. ഭാരതപ്പുഴയിൽ വൈകിട്ട് ആറു മുതൽ എട്ടുവരെ ദിവസവും നടക്കുന്ന നിളാ ആരതിയാണ് പ്രധാന ആകർഷണം. ഇവിടേയ്ക്ക് താത്കാലിക പാലവും നിർമ്മിച്ചിട്ടുണ്ട്.
വിവിധ പണ്ഡിറ്റുകൾ നടത്തുന്ന ആരതിയിൽ ലക്ഷക്കണക്കിന് ഭക്തരാണ് ദിവസേന പങ്കെടുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സിയും തമിഴ്‌നാട്, കർണാടക സർക്കാർ ബസുകളും സർവീസ് നടത്തുന്നുണ്ട്. ട്രെയിൻ മാർഗം തിരുനാവായയിലെത്താനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ചില ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഇന്നലെ മഹാമാഘ നഗരിയിൽ ജയ ഏകാദശി, രോഹിണി നക്ഷത്രം എന്നീ പുണ്യയോഗങ്ങളിൽ മുത്തനും മുത്തിയ്ക്കും പൂജ നടത്തി. കൃഷി സമൃദ്ധിക്കും സന്താനലാഭത്തിനുമായി കേരളത്തിന്റെ തനത് ദ്രാവിഡ സമ്പ്രദായത്തിൽ അനുഷ്ഠിക്കുന്ന ഈ അതിപുരാതന പൂജയ്ക്ക് ആചാര്യൻ പറയ്ക്കൽ പ്രദീപ് പണിയ നേതൃത്വം നൽകി. ഇന്ന് വിശ്വകർമ്മ ദിനത്തിൽ വിശ്വകർമ്മ പൂജയും പ്രദോഷവ്രതാചരണവും നടക്കും. സൃഷ്ടിശേഷി വർദ്ധിക്കാനും തൊഴിൽ വിജയവും കർമ്മസാഫല്യവും ലഭിക്കാനുമായി ഭക്തർ ഈ പൂജയിൽ പങ്കെടുക്കും. മുതുകൃഷ്ണൻ ആചാരിയാണ് കാർമ്മികത്വം വഹിക്കുന്നത്. വൈകിട്ട് ദേവീപൂജയും നൃത്താരാധനയും നടക്കും. കാട്ടുനായ്ക്കർ വെളളഗ അമ്മയാണ് കാർമ്മികത്വം വഹിക്കുക.