കണ്ണുകളെല്ലാം സഞ്ജുവിൽ
ഇന്ത്യൻ കുപ്പായത്തിൽ ഇതുവരെ 56ട്വന്റി-20 മത്സരങ്ങൾ കളിച്ചിട്ടുണ്ട് സഞ്ജു.എന്നാൽ ഇതുവരെ സ്വന്തം നാടായ തിരുവനന്തപുരത്ത് ഇന്ത്യ, കുപ്പായത്തിൽ ഒരു മത്സരം കളിച്ചിട്ടില്ല. നാളെ കാര്യവട്ടം ഗ്രീൻഫീൽഡിൽ ഇറങ്ങുമ്പോൾ ആ കുറവ് സഞ്ജു പരിഹരിക്കും. പക്ഷേ വരാനിരിക്കുന്ന ലോകകപ്പിൽ സഞ്ജുവിന്റെ സ്ഥാനമെന്തെന്ന് നിർണയിക്കുന്ന മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക എന്നതാണ് പ്രധാന കാര്യം.
ട്വന്റി-20 ലോകകപ്പിലും അതിന് മുമ്പ് ന്യൂസിലാൻഡിന് എതിരായ അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലും ഏകദിന,ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയാണ് സഞ്ജുവിന് അവസരം നൽകിയത്. എന്നാൽ കിവീസിനെതിരെ ഇതുവരെ നടന്ന നാലുമത്സരങ്ങളിലും തന്റെ പ്രതിഭയ്ക്ക് ഒത്ത പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴഞ്ഞതേയില്ല.ആദ്യ മത്സരത്തിൽ 10 റൺസ് നേടിയ സഞ്ജുവിന് രണ്ടാം മത്സരത്തിൽ ആറുറൺസാണ് നേടാനായത്. മൂന്നാം മത്സരത്തിലാകട്ടെ റണ്ണെടുക്കുന്നതിന് മുമ്പ് നേരിട്ട ആദ്യ പന്തിൽ കുറ്റിതെറിച്ചു. ആദ്യകളിയിൽ പേസർ കൈൽ ജാമീസൺ പുറത്താക്കിയപ്പോൾമറ്റ് രണ്ട് മത്സങ്ങളിലും മാറ്റ് ഹെൻറിയാണ് വിക്കറ്റെടുത്തത്. കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ 15 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സമടക്കം 24 റൺസ് നേടാനായെങ്കിലും സ്പിന്നർ മിച്ചൽ സാന്റ്നറുടെ പന്തിൽ ബൗൾഡാകേണ്ടിവന്നു. ഔട്ടായരീതിയെക്കുറിച്ച് സുനിൽ ഗാവസ്കറടക്കമുള്ളവരിൽ നിന്ന് വിമർശനങ്ങളും കേൾക്കേണ്ടിവന്നു.
ഇതിൽ നിന്നൊക്കെ രക്ഷപെടണമെങ്കിൽ കാര്യവട്ടത്ത് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് മികച്ച ഒരു ഇന്നിംഗ്സ് പിറന്നേ മതിയാകൂ. കഴിഞ്ഞ ഓണക്കാലത്ത് കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ളൂ ടൈഗേഴ്സിനായാണ് സഞ്ജു അവസാനമായി ഈ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്. അന്ന് ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളുമായി സഞ്ജു തകർത്താടുകയായിരുന്നു. ആ മികവാണ് സഞ്ജുവിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നതും.