സിൽവർലൈൻ കൈവിട്ടു; വേഗപ്പാതയ്ക്ക് പച്ചക്കൊടി
പേരിൽ പിടിവാശിയില്ല, കേന്ദ്രവുമായി സഹകരിക്കും
തിരുവനന്തപുരം:സിൽവർ ലൈനിന് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ, ഇ.ശ്രീധരന്റെ മുൻകൈയിലുള്ള അതിവേഗ റെയിൽപ്പാതയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ പച്ചക്കൊടി . തെക്കു-വടക്ക് അതിവേഗ റെയിൽ ഇടനാഴി കേരളത്തിന് അത്യാവശ്യമാണെന്നും ,പേരിലോ സാങ്കേതിക വിദ്യയിലോ ഒരു പിടിവാശിയും സർക്കാരിനില്ലെന്നും
ബഡ്ജറ്റിൽ പറയുന്നു.
മൂന്നേ കാൽ മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താനാവുന്ന പദ്ധതിയുടെ ഡി.പി.ആർ 9 മാസത്തിനകം ഡൽഹി മെട്രോ തയ്യാറാക്കാനാണ് കേന്ദ്ര നിർദ്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായി അടുപ്പമുള്ള ഇ.ശ്രീധരനെ ഉപയോഗിച്ച് സിൽവർ ലൈനിന് ബദലായ പദ്ധതിക്ക് അനുമതി നേടിയെടുക്കുകയാണ് സർക്കാർ ലക്ഷ്യം. കൂടുതലും തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നു പോകുന്ന പുതിയ പാതയ്ക്കായി ഭൂമിയേറ്റെടുക്കൽ കുറച്ചു മതിയെന്നതിനാൽ എതിർപ്പും കുറയും. തൂണുകൾ നിർമ്മിച്ച ശേഷം, ഭൂമി ഉടമകൾക്ക് വിട്ടു നൽകാം. കൃഷിയും കാലി വളർത്തലുമടക്കം നടത്താം. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും വലിയ യമരങ്ങൾ നട്ടു പിടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ടാവും. സഞ്ചാരത്തിന് തടസമില്ല
തെക്കു-വടക്ക് റെയിൽ ഇടനാഴി കേരളത്തിന്റെ നട്ടെല്ലാവുമെന്ന് ബഡ്ജറ്റിൽ പറയുന്നു. കേരളത്തിന്റെ സമ്പദ്‌ഘടനയ്ക്കും വ്യാപാരത്തിനുമെല്ലാം വേഗ റെയിൽ അത്യാവശ്യമാണ്. യു.ഡി.എഫ്, ബി.ജെ.പി എതിർപ്പു കാരണം തടസപ്പെട്ടെങ്കിലും 'കെ-റെയിൽ വരും കേട്ടോ' എന്നാണ് സർക്കാർ നിലപാടെന്നും ,പേരിലടക്കം പിടിവാശിയില്ലെന്ന് ബന്ധപ്പെട്ടവരെ ആവർത്തിച്ചറിയിച്ചിട്ടുണ്ടെന്നും ബഡ്ജറ്റിൽ പറയുന്നു. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഭാവിയിൽ മംഗളുരു വരെ നീട്ടാനാവുന്നതാണ് അതിവേഗ റെയിൽ
കേരളത്തിന്
അനുയോജ്യം
25-30കിലോ മീറ്റർ ഇടവിട്ട് പ്രധാന നഗരങ്ങളിലെല്ലാം സ്റ്റോപ്
മൂന്നേകാൽ മണിക്കൂറിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലും 1.20 മണിക്കൂറിൽ കൊച്ചിയിലും 2.30 മണിക്കൂറിൽ കോഴിക്കോട്ടുമെത്താം.
560 യാത്രക്കാരുള്ള എട്ടു കോച്ചുകൾ ഭാവിയിൽ 16വരെയാക്കാം. എ.സി ചെയർകാറിന്റെ ഒന്നരയിരട്ടിയാവും നിരക്ക്.
റാപ്പിഡ് റെയിലും
ഒപ്പം വേണം
തിരുവനന്തപുരം-കാസർകോട് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റവും വേണമെന്ന് ബഡ്ജറ്റിൽ പ്രയുന്നു.
100കോടി ആദ്യ ഘട്ടമായി അനുവദിച്ചു. കേന്ദ്ര നഗരവികസന മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ട്. നാലു ഘട്ടമായി നടപ്പാക്കും.തൂണുകളിലൂടെയുള്ള റാപ്പിഡ് റെയിലിനെ നഗര മെട്രോകളുമായി സംയോജിപ്പിക്കാം.
റാപ്പിഡിന് റെയിൽവേയുടെ അനുമതി വേണ്ട. ഭൂനിരപ്പിലും പാലങ്ങൾക്ക് മുകളിലും ടണലുകളിലും മെട്രോയുടേത് പോലെയുള്ള പാളങ്ങളിലൂടെ ഓടും
. കേന്ദ്രാനുമതി കിട്ടുമെന്നതും ചെലവിന്റെ 20% കേന്ദ്രം നൽകുമെന്നതും ഗുണകരം.