മെഡിസെപ് മെച്ചപ്പെടുത്തിക്കൂടേ: ഹൈക്കോടതി

Friday 30 January 2026 1:27 AM IST

കൊച്ചി: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ്' മെച്ചപ്പെടുത്തിക്കൂടേയെന്ന് ഹൈക്കോടതി ആരാഞ്ഞു. പദ്ധതി നിർബന്ധമാക്കിയതിനെതിരായ ഹർജിയിൽ വാദം കേൾക്കവേയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ചോദ്യം. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി.

മെഡിസെപ് പരാജയമായതിനാൽ അത് ഓപ്ഷണലാക്കുകയോ പകരം സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുകയോ വേണമെന്നാണ് ഹർജിയിലെ ആവശ്യം. മിക്ക ആശുപത്രികളും പദ്ധതിക്ക് പുറത്താണ്. പല ആശുപത്രികളും പണം കിട്ടാതെ പിന്മാറി. പല രോഗങ്ങളും കവറേജിൽ വരുന്നില്ലെന്നും ഹർജിക്കാർ വാദിച്ചു. വിഷയം സമാനഹർജികൾക്കൊപ്പം രണ്ടാഴ്ചയ്‌ക്കുശേഷം പരിഗണിക്കാൻ മാറ്റി.