കൊട്ടാരക്കരയ്ക്ക് കൈനിറയെ..... , ഡ്രോൺ റിസർച്ച് പാർക്ക് മുതൽ ഐ.ടി ഹബ്ബ് വരെ

Friday 30 January 2026 12:31 AM IST

തിരുവനന്തപുരം: ഡ്രോൺ പാർക്ക് മുതൽ ഇന്റർഗ്രേറ്റഡ് ഐ.ടി ഹബ്ബ് വരെ. ബഡ്ജറ്റിൽ തന്റെ മണ്ഡലമായ കൊട്ടാരക്കരയ്ക്ക് കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഡ്രോൺ സാങ്കേതിക വിദ്യകളിലെ വികസനം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഡ്രോൺ റിസ‌ർച്ച് ആൻഡ് ഡെവലപ്പ്മെന്റ് പാർക്ക്. കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസുമായി സഹകരിച്ച് കെ-സ്പേസ് ആണ് പദ്ധതി നടപ്പാക്കുന്നത്. 5 കോടി വകയിരുത്തി.

കൊട്ടാരക്കരയിൽ ഇന്റർഗ്രേറ്റഡ് ഐ.ടി കം ഇന്റസ്ട്രിയൽ പാർക്ക് സ്ഥാപിക്കുന്നതിന് 10 കോടി. ഇതിനൊപ്പം കൊല്ലത്തെ വ്യവസായ പാർക്കിന്റെ വിപുലീകരണത്തിന് 10 കോടിയും വകയിരുത്തി. തൃക്കണ്ണമംഗലിൽ ഗാന്ധിജിയുടെ ഓർമ്മകളുള്ള മുസാവരി ബംഗ്ലാവിൽ മഹാത്മാഗാന്ധി പബ്ലിക് ലൈബ്രറിയും ഗാന്ധി സ്മാരകവും സ്ഥാപിക്കാൻ 2 കോടി.

എഴുകോൺ ഗ്രാമപഞ്ചായത്തിലെ രേഷ്മ എന്ന യുവസംരംഭക നേതൃത്വം നൽകുന്ന ടോക്കോ ചിപ്സ് എന്ന സ്റ്റാർട്ടപ്പ് നടത്തുന്ന കുടുംബശ്രീ അംഗങ്ങളായ ശുഭയേയും സംഘത്തിനെയും ബഡ്ജറ്റിൽ മന്ത്രി പരാമർശിച്ചു. ഇതിനൊപ്പം സംസ്ഥാനത്തെ കമ്മ്യൂണിറ്റി കിച്ചണുകൾക്കും സ്വകാര്യ പങ്കാളിത്ത സ്റ്റാർട്ടപ്പുകൾക്കുമായി 10 കോടി ബഡ്ജറ്റിൽ വകയിരുത്തി.

കൊട്ടാരക്കരയ്ക്ക് അനുവദിച്ചത്

150 പേർക്ക് ഐ.ടി, ഐ.ടി അധിഷ്ഠിത തൊഴിലെടുക്കാൻ സൗകര്യമുള്ള വർക്ക് നിയർ ഹോം പദ്ധതിക്ക് 150 കോടി.

കില കൊട്ടാരക്കര അംബേദ്ക്കർ ചെയർ സ്ഥാപിക്കാൻ 50 ലക്ഷം രൂപ.

സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനത്തിന് 30.70 കോടി വകയിരുത്തിയതിൽ കൊട്ടാരക്കര സയൻസ് മ്യൂസിയത്തെയും ഉൾപ്പെടുത്തി.