'തുളസിക്കതിർ നുള്ളിയെടുത്ത' പട്ടശ്ശേരി സഹദേവൻ ഇനി ഓർമ്മ

Friday 30 January 2026 12:39 AM IST

തഴവ: 'തുളസിക്കതിർ നുള്ളിയെടുത്ത്, കണ്ണന്നൊരു മാലയ്ക്കായി...' എന്ന സൂപ്പർ ഹിറ്റ് കൃഷ്ണ ഭക്തിഗാനത്തിന്റെ രചയിതാവ് തൊടിയൂർ കല്ലേലി ഭാഗം പട്ടശ്ശേരി വീട്ടിൽ സഹദേവൻ (88) നിര്യാതനായി.

2020ൽ കരുനാഗപ്പള്ളി സ്വദേശി ഹനാ ഫാത്തിമ എന്ന ഒമ്പതാം ക്ലാസുകാരി യൂട്യൂബിൽ പാടി ശ്രദ്ധേയ ആയതോടെയാണ് സഹദേവൻ പട്ടശ്ശേരി തന്റെ ഗാനം ജനങ്ങൾ ഏറ്റെടുത്തുവെന്ന വിവരം അറിയുന്നത്. ഫോട്ടോഗ്രാഫറായ ഹാരിസ് ഹാരിസ് ആണ് രചയിതാവായ ഇദ്ദേഹത്തെ കണ്ടെത്തി പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയത്. 35 വർഷം മുമ്പ് രചിച്ച ഗാനം സൂപ്പർ ഹിറ്റ് ആയതോടെ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്.

ഹിറ്റായ ഗാനങ്ങൾക്കൊപ്പം രചിച്ച മറ്റു ഗാനങ്ങളെ കൂടി ഉൾപ്പെടുത്തി കനലിൽ വിരിഞ്ഞ പൂക്കൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്താൻ കല്ലേലിഭാഗം ജനതാ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നീക്കം നടത്തിയെങ്കിലും അന്ന് മന്ത്രിയായിരുന്ന രാധാകൃഷ്ണൻ വേണമെന്നായി സഹദേവൻ. രചയിതാവിന്റെ നിർബന്ധം അറിഞ്ഞ മന്ത്രി 2023 ഏപ്രിൽ 19ന് എത്തി പുസ്തകം പ്രകാശനം ചെയ്തു. ഭാര്യ തങ്കമ്മ. മക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ. മരുമക്കൾ: രാധ ശ്രീധരൻ (റിട്ട. കെ എസ് ഇ ബി എൻജിനീയർ), ഉഷ കുമാരി