ഏയ്,ഓട്ടോ!

Friday 30 January 2026 1:05 AM IST

തിരുവനന്തപുരം: ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ബഡ്ജറ്റിൽ കൈനിറയെ ആനുകൂല്യങ്ങൾ.

പഴയ പെട്രോൾ, ഡീസൽ ഓട്ടോകൾ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 40000

രൂപ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് അനുവദിക്കും. ഇലക്ട്രിക് ഓട്ടോ വാങ്ങാൻ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുമ്പോൾ 2 ശതമാനം പലിശയിളവ് നൽകും. ഇതിനായി 20 കോടി വകയിരുത്തി.ഇന്ധന വില വർധന കാരണം പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷാ തൊഴിൽ മേഖലയെ സംരക്ഷിക്കാനാണിത്. ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് ഓട്ടോറിക്ഷാ തൊഴിലാളികളെന്ന് ബഡ്ജറ്റ് വിലയിരുത്തുന്നു.

ആരോഗ്യ,ഗ്രൂപ്പ്

ഇൻഷ്വറൻസ്

കേരളത്തിലെ അയ്യായിരത്തിലധികം അനൗപചാരിക ഓട്ടോ സ്​റ്റാൻഡുകളെ സ്മാർട്ട് മൈക്രോ ഹബ്ബുകളാക്കും. ഓരോ സ്ഥലത്തിനും അനുയോജ്യമായ തൊഴിലാളി സൗഹൃദ സ്മാർട്ട് ഓട്ടോ സ്​റ്റാൻഡുകൾ നിർമ്മിക്കും. അവിടെ സോളാർ അധിഷ്ടിത ചാർജ്ജിംഗ്

യൂണി​റ്റുകൾ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കും. ഈ പദ്ധതിക്കായി 20 കോടി രൂപയുണ്ട്. ക്ഷേമനിധിയിൽ അംഗങ്ങളായ ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്ക് വളരെ കുറച്ച് വിഹിതം അടയ്ക്കുന്ന വിധത്തിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കും. സംസ്ഥാന ഇൻഷ്വറൻസ് വകുപ്പുമായി ചേർന്ന് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തും. ഇതിന് സർക്കാർ സഹായവുമുണ്ടാവും.