ബഡ്ജറ്റ്; മലപ്പുറത്തിനും കിട്ടി നിറയെ പദ്ധതികൾ

Friday 30 January 2026 1:32 AM IST

മലപ്പുറം: എം.ടി.വാസുദേവൻ നായരുടെ സ്മരണകൾ നിലനിറുത്താൻ തിരൂർ തുഞ്ചൻപറമ്പിനോട് ചേർന്ന് എം.ടി സ്മാരക സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിനായി 1.50 കോടി രൂപ സംസ്ഥാന ബ‌ഡ്‌ജറ്റിൽ വകയിരുത്തി. മലയാള ഭാഷയുടെ ചരിത്രത്തിനും സ്മാരകത്തിനും പ്രാധാന്യം നൽകുന്നതും എം.ടിയുടെ ജീവിതവും കൃതികളും സംഭാവനകളും വരും തലമുറയ്ക്ക് പരിചയപ്പെടുത്തും വിധമുള്ള പഠന കേന്ദ്രമാണ് നിർമ്മിക്കുന്നത്. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനായി 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന ഷേഖ് സൈനുദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ സെന്റർ സ്ഥാപിക്കാൻ മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ന്യൂനപക്ഷ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായുള്ള വിഹിതം 27 ലക്ഷമായി വർദ്ധിപ്പിച്ചു. ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് നിറം നൽകാൻ മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ 2.29 ഏക്കർ റവന്യൂ ഭൂമിയിൽ ഒരു മൾട്ടി യൂട്ടിലിറ്റി സ്‌പോർട്സ് കോംപ്ലക്സിന് ആദ്യ ഗഡുവായി അഞ്ച് കോടി രൂപയും അനുവദിച്ചു. മലപ്പുറം ഇൻഡോർ സ്റ്റേഡിയത്തിന് ഒരു കോടിയാണ് അനുവദിച്ചത്. മഞ്ചേരി മണ്ഡലത്തിലെ തൃക്കലങ്ങോട് പഞ്ചായത്തിൽ മിനി സ്റ്റേഡിയം നിർമ്മിക്കും . പെരിന്തൽമണ്ണ മണ്ഡലത്തിൽ 5.75 കോടിയുടെ പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്. ജി.എച്ച്.എസ്.എസ് പുലാമന്തോൾ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഒരുകോടി, മേലാറ്റൂർ മിനി സ്‌റ്റേഡിയം നവീകരിക്കുന്നതിന് 50 ലക്ഷം രൂപയും വകയിരുത്തി. അങ്ങാടിപ്പുറം-ചാത്തനല്ലൂർ റെയിൽവേ അണ്ടർ പാസിന് മൂന്ന് കോടി അനുവദിച്ചു.

തവനൂർ മണ്ഡലത്തിൽ ശബരിമല ഇടത്താവളമായി എടപ്പാൾ പെരുമ്പറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ഭൗതിക സൗകര്യങ്ങൾക്കായി മൂന്ന് കോടി, നടുവട്ടം തണ്ണീർക്കോട് റോഡ് റബറൈസ് ചെയ്യാൻ മൂന്ന് കോടി, ചേകന്നൂർ വരതൂർ കായൽ തോട് നവീകരണത്തിന് മൂന്ന് കോടി, പടിഞ്ഞാറേക്കര സർക്കാർ യു.പി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ മൂന്ന് കോടി, പൊൽപ്പാക്കര സർക്കാർ എൽ.പി സ്‌കൂളിന് കെട്ടിടം നിർമ്മിക്കാൻ 1.5 കോടി, മിനിപമ്പ-കടകശ്ശേരി-മൂവ്വാങ്കര റോഡ് രണ്ടാം ഘട്ടം റബറൈസ് ചെയ്യാൻ മൂന്ന് കോടി എന്നിങ്ങനെ അനുവദിച്ചു. നിലമ്പൂരിൽ പുതിയ പൊതുമരാമത്ത് ഓഫീസ് സമുച്ചയത്തിന് 2.30 കോടി, റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്കിന് ഒരുകോടി, നിലമ്പൂർ, ചുങ്കത്തറ, വഴിക്കടവ്, തേൾപ്പാറ, വാരിക്കൽ ടൗൺ നവീകരണത്തിന് ഒരു കോടി വീതം, അമ്പുട്ടാൻപൊട്ടി ശാന്ത്രി ഗ്രാം പാലം 12.50 കോടി, മൊടവണ്ണക്കടവിൽ പാലം രണ്ട് കോടി, പോത്തുകൽ ഭൂദാനം കടവ് പാലം 1.50 കോടി എന്നിങ്ങനെയും അനുവദിച്ചു.

കൂടാതെ, മലപ്പുറത്തെ പരിഗണിച്ച ചില പദ്ധതികൾക്ക് മറ്റ് ജില്ലകൾക്ക് കൂടി ചേർത്താണ് തുക വകയിരുത്തിയത്. പരപ്പനങ്ങാടി റീജണൽ സയൻസ് സെന്റർ ഉൾപ്പെടെ സംസ്ഥാനത്തെ നാല് ശാസ്ത്ര സാങ്കേതിക മ്യൂസിയങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി 30.70 കോടി രൂപ വകയിരുത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലെയും മാലിന്യ സംസ്‌ക്കരണത്തിന് 22 കോടി രൂപയാണ് നീക്കിവച്ചത്. എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാനായി 14.20 കോടി രൂപയാണ് ആകെ വകയിരുത്തിയത്. ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ സ്ഥാപിക്കാൻ ആകെ മൂന്ന് കോടിയും അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി 3.95 കോടി രൂപയുമാണ് വകയിരുത്തിയത്.

പൊന്നാനിയിലെ കുംഭാരക്കോളനി അടക്കമുള്ളവയുടെ വികസനത്തിന് ഒരു കോടി, ജലസേചന വകുപ്പിന്റെ കീഴിൽ പൊന്നാനിയടക്കമുള്ള തീരദേശ സംരക്ഷണത്തിന് 181.57 കോടി, പൊന്നാനിയിലെ നായാടി ഉന്നതി അടക്കമുള്ളവയുടെ ഉന്നമനത്തിന് 52 കോടി, പൊന്നാനിയടക്കമുള്ള സംസ്ഥാനത്തെ തുറമുഖങ്ങളിലെ ലൈറ്റ് ഹൗസ് വികസനത്തിന് 98.08 കോടി എന്നിങ്ങനെ അനുവദിച്ചു. നവകേരള സദസ്സിൽ ഇപ്പോൾ ലഭിച്ചതിന് പുറമെ ഏഴ് കോടി രൂപയ്ക്കുള്ള പ്രവൃത്തികൾ കൂടി പൊന്നാനി മണ്ഡലത്തിൽ ലഭിച്ചു.

റോഡുകൾക്ക് ലഭിച്ചത്

മലപ്പുറം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾ ബി.എം.ആന്റ് ബി.സി ചെയ്ത് നവീകരിക്കാൻ ഒരു കോടി വീതം വകയിരുത്തി. മുണ്ടുപറമ്പ്-ആനക്കല്ലുങ്ങൽ, മേൽമുറി-പറമ്പാട്ട്കാവ്, മുണ്ടുപറമ്പ് -ചെന്നത്ത് - മാരിയാട്, വള്ളുവമ്പ്രം-വളമംഗലം-പൂക്കൊളത്തൂർ, പള്ളിമുക്ക്-കിഴിശ്ശേരി റോഡ്, മൊറയൂർ-വാലഞ്ചേരി-അരിമ്പ്ര-ഊരകം എൻ.എച്ച് കോളനി, പാലക്കത്തോട്-കൂട്ടാവിൽ-എളയൂർ, കാട്ടുങ്ങച്ചോല-പിലാക്കൽ-പുഴങ്കാവ് റോഡുകൾക്കാണ് തുക അനുവദിച്ചത്. കൊണ്ടോട്ടി മണ്ഡലത്തിലെ കുറുപ്പത്ത്-കോയങ്ങാടി-പിലാത്തോട്ടത്തിൽ റോഡ്, തുറക്കൽ-ആലക്കപ്പറമ്പ്-റോഡ്, മുണ്ടക്കൽ-ചെറിയാപറമ്പ് റോഡ്, വിളയിൽ-എളങ്കാവ് - കുനിത്തിലക്കടവ് റോഡ്, ആക്കോട്-കോടിയമ്മൽ-അരൂർ റോഡ്, ചുള്ളിക്കോട്-വിളയിൽ റോഡ് എന്നീ ആറ് റോഡുകൾക്ക് കൂടി ആറ് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

വണ്ടൂർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകൾ ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിനും ഒരുകോടി രൂപ വീതം അനുവദിച്ചു. കേരള-മഞ്ഞൾപാറ-ആർത്തല, തുവ്വൂർ-നീലാഞ്ചേരി-അരിമണൽ, പൊങ്ങല്ലൂർ-മില്ലുംപടി, പുളിക്കോട്-കോട്ടക്കുന്ന്-ഐ.പി.പി സെന്റർ-പൂതൃക്കോവ് റോഡ്, ചോക്കാട്-പെടന്താൾ-ടി.കെ.നഗർ, കറുത്തേനി-പൂങ്ങോട്-കാവുങ്ങൽ-അസൈനാർപടി റോഡുകൾക്കാണ് തുക അനുവദിച്ചത്.

തിരൂരങ്ങാടി മണ്ഡലത്തിൽ എടരിക്കോട് പഞ്ചായത്തിലെ പറമ്പിലങ്ങാടി-കുട്ടാട്ടുപാറ റോഡ് വീതി കൂട്ടി ഫുൾ ടാറിംഗിനും വെള്ളം കുത്തി ഒഴുകുന്ന ഭാഗത്ത് കോൺക്രീറ്റ് പ്രവൃത്തികൾക്കുമായി 1.5 കോടി രൂപയും പരപ്പനങ്ങാടി-ഉള്ളണം-കോവിലകം-കൽപ്പുഴ പാലവും അപ്രോച്ച് റോഡ് നിർമ്മാണത്തിനുമായി 3.50 കോടി രൂപയും അനുവദിച്ചു. പെരിന്തൽമണ്ണ മണ്ഡലത്തിൽ അമ്പംകുന്ന്-എടായിക്കൽ-ഒടമല റോഡിന് ഒരുകോടി, പള്ളിപ്പടി-പെരുമ്പറമ്പ് റോഡിന് 50 ലക്ഷം, മല്ലിക്കട-പള്ളി റോഡ് 25 ലക്ഷം, മലങ്കട-കമ്പിമല റോഡ് 50 ലക്ഷവും നീക്കിവെച്ചു.

മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറം-ചാത്തനല്ലൂർ റെയിൽവേ അണ്ടർ പാസിന് മൂന്ന് കോടി അനുവദിച്ചു. കോട്ടപ്പള്ള-കുണ്ടാട്, കുഴാപറമ്പ്-പനങ്ങാങ്ങര, വടക്കാങ്ങര-രാമപുരം സ്‌കൂൾപടി, ചെട്ടിപ്പടി-മില്ലുംപടി റോഡ് നവീകരണത്തിന് 50 ലക്ഷം വീതം അനുവദിച്ചു. കോട്ടയ്ക്കൽ മണ്ഡലത്തിലെ കണ്ണംകുളം-കണ്ണങ്കടവ്-മുക്കിലപ്പീടിക വായനശാല റോഡ് ബി.എം ആൻഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്താൻ രണ്ട് കോടി, ലിങ്ക് പുക്കാട്ടിരി-റെയിൽവേ സ്‌റ്റേഷൻ റോഡ് ബി.എം ആൻഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്താൻ രണ്ട് കോടി അനുവദിച്ചു. ചെരണി-പന്നിപ്പാറ റോഡിന് ആറ് കോടി വകയിരുത്തി.

നിലമ്പൂർ മണ്ഡലത്തിലെ എടക്കര ബൈപാസിന് ആറ് കോടി വകയിരുത്തിയിട്ടുണ്ട്.

പ്രധാനമായും ലഭിച്ചത്

എം.ടി സ്മാരക സാംസ്‌ക്കാരിക കേന്ദ്രം- 1.50 കോടി

ചമ്രവട്ടം റെഗലേറ്റർ കം ബ്രിഡ്ജ്- 2.5 കോടി

പൊന്നാനിയിൽ ചരിത്ര ഗവേഷണ സെന്റർ- മൂന്ന് കോടി

ന്യൂനപക്ഷ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- 27 ലക്ഷം

മൾട്ടി യൂട്ടിലിറ്റി സ്പോർട്സ് കോംപ്ലക്സ്- അഞ്ച് കോടി

മലപ്പുറം ഇൻഡോർ സ്റ്റേഡിയം- ഒരുകോടി

അങ്ങാടിപ്പുറം-ചാത്തനല്ലൂർ റെയിൽവേ അണ്ടർ പാസ്- മൂന്ന് കോടി

വിമർശനങ്ങളേറെ...

> കോട്ടയ്ക്കൽ മണ്ഡലത്തിന് കീഴിലെ തിരുവേഗപ്പുറ സമാന്തര പാലം നിർമ്മാണം, പുത്തൂർ ചെനക്കൽ ബൈപ്പാസ് പൂർത്തീകരണം അടക്കം പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശുപാർശ ചെയ്ത കോട്ടക്കൽ നിയോജക മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികൾക്കൊന്നും ബ‌ഡ്‌ജറ്റിൽ ഫണ്ട് വകയിരുത്തിയില്ല. മണ്ഡലത്തിലെ 40 വികസന പദ്ധതികൾ ശുപാർശ നൽകിയതിൽ പരിഗണിച്ചത് മൂന്ന് പ്രവൃത്തികൾ മാത്രം. 190 കോടി രൂപയുടെ പദ്ധതികളിൽ മൂന്ന് പ്രവൃത്തികൾക്ക് മാത്രമാണെന്നും എം.എൽ.എ ഓഫീസ് അറിയിച്ചു.

> ബ‌ഡ്‌ജറ്റിൽ എല്ലാ എം.എൽ.എമാർക്കും ഉറപ്പു വരുത്തിയ ആറ് കോടി രൂപ മാത്രമാണ് കെണ്ടോട്ടിക്കായി അനുവദിച്ചതെന്ന് ടി.വി.ഇബ്രാഹിം എം.എൽ.എ. തിരഞ്ഞെടുപ്പിന് മുമ്പുള്ള ബ‌ഡ്‌ജറ്റായതിനാൽ ഇതിന് വലിയ പ്രാധാന്യമില്ല. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വരുന്ന സർക്കാർ അവതരിപ്പിക്കുന്ന ബ‌ഡ്‌ജറ്റിലെ നിർദ്ദേശങ്ങളായിരിക്കും അടുത്ത സമ്പത്തിക വർഷം നടപ്പാക്കുക. ഇപ്പോൾ അവതരിപ്പിച്ച ബ‌ഡ്‌ജറ്റ് നിർദ്ദേശങ്ങൾ കൊണ്ടോട്ടി മണ്ഡലത്തിന് നിരാശാജനകമാണെന്നും ടി.വി.ഇബ്രാഹിം എം.എൽ.എ പറഞ്ഞു.

> നാലരലക്ഷം കോടിയുടെ കടക്കെണിയുള്ള സംസ്ഥാനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിപ്പ് ബ‌ഡ്‌ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഉണ്ണക്കൃഷ്ണൻ. സർക്കാർ ജീവനക്കാരുടെ 17 ശതമാനം ഡി.എ കുടിശ്ശിക നൽകാനുണ്ട്. കഴിഞ്ഞ 10 വർഷം നൽകാത്ത ഈ ആനുകൂല്യം രണ്ട് മാസം കൊണ്ട് എങ്ങിനെ നൽകും. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നത് ജീവനക്കാരുടെ വോട്ടു തട്ടാനാണ്. ഈ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എങ്ങനെ കൊടുക്കുമെന്നു കൂടി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

> 2018- 19 കാലയളവുകളിലെ പ്രളയങ്ങളിൽ തകർന്ന നിലമ്പൂർ നിയോജകമണ്ഡലത്തിന് സ്‌പെഷൽ പാക്കേജ് അനുവദിക്കാത്തത് നിരാശാജനകമാണെന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. 2019ലെ പ്രളയത്തിൽ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ 59 പേരടക്കം നിലമ്പൂരിൽ 61 പേരാണ് മരണപ്പെട്ടത്. ഉപജീവന മാർഗം നഷ്ടപ്പെട്ടവർക്കും കൃഷി ഭൂമി നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പലരും വായ്പ തിരിച്ചടക്കാനാവാതെ ആത്മഹത്യയുടെ വക്കിലാണ്. പ്രളയ ദുരന്തത്തിനിരയായവരുടെ വായ്പ എഴുതിതള്ളലടക്കമുള്ളവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാഞ്ഞത് നിരാശാജനകമാണെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

ആശ്വാസം പകർന്ന ബഡ്‌ജറ്റ്; കെ.ടി.ജലീൽ

സമാശ്വാസവും തലോടലും സ്‌നേഹ സ്പർശവും ചേർത്തു പിടിക്കലുമെല്ലാം സമന്വയിച്ച ബ‌ഡ്‌ജറ്റാണ് അവതരിപ്പിച്ചതെന്ന് കെ.ടി.ജലീൽ എം.എൽ.എ. സമൂഹത്തിലെ ഓരോ വിഭാഗത്തെയും അഭിസംബോധന ചെയ്യാൻ ബ‌ഡ്‌ജറ്റിന് സാധിച്ചു. ചുരുക്കിപ്പറഞ്ഞാൽ എല്ലാ മനുഷ്യർക്കും തണലും കുളിരും പകർന്ന ബ‌ഡ്‌ജറ്റ്. മതമല്ല മതമല്ല മതമല്ല പ്രശ്നം. എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നമെന്ന് ഉദ്‌ഘോഷിച്ച ബ‌ഡ്‌ജറ്റാണെന്നും അദ്ദേഹം പറഞ്ഞു.