സമഗ്ര വികസനത്തിനുള്ള ജനക്ഷേമ ബഡ്ജറ്റ്: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും ,സർവ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബഡ്ജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ.ആധുനികവും വികസിതവുമായ മദ്ധ്യ വരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽ.ഡി.എഫ് സർക്കാർ പത്തു വർഷമായി പരിശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തു വർഷമായി നടപ്പാക്കാൻ കഴിയാത്തത് ഇപ്പോൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചെന്ന തരത്തിലുള്ള പ്രതികരണങ്ങൾ നിരാശയിൽ നിന്ന് ഉടലെടുത്തതാണ്. ഒരിക്കലും സാദ്ധ്യമല്ലെന്നു കരുതിയ പദ്ധതികൾ പലതും യാഥാർത്ഥ്യമായി. ദേശീയപാത വികസനം മുതൽ വിഴിഞ്ഞം രണ്ടാം ഘട്ടം വരെ ഉദാഹരണങ്ങളാണ്. ബഡ്ജറ്റിനു മുൻപു തന്നെ ആശാ വർക്കർമാർക്ക് ആയിരം രൂപ ഓണറേറിയം വർദ്ധിപ്പിച്ചിരുന്നു. ബഡ്ജറ്റിൽ ആയിരം രൂപ കൂടി വർദ്ധിപ്പിച്ചു. അങ്കണവാടി വർക്കർമാർ, പ്രീ പ്രൈമറി അദ്ധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവർക്കും പ്രതിമാസം ആയിരം രൂപ വീതം വർദ്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ പൂർണ്ണമായും നൽകും. ഇതിൽ ഒരു ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭ്യമാക്കും . പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 മുതൽ നടപ്പാക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലും അഞ്ച് വർഷമെന്ന ഇടതുപക്ഷ സർക്കാരുകളുടെ നയം പ്രാവർത്തികമാക്കി.. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് 100 കോടി വകയിരുത്തിയത് ചരിത്രപരമാണ്. തൊഴിലുറപ്പ് പദ്ധതിക്ക് അധികമായി ആയിരം കോടി രൂപ അനുവദിച്ചു. ഓട്ടോ റിക്ഷ സ്റ്റാന്റുകൾ സ്മാർട്ടാക്കുന്നതിനും ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടെ ഗിഗ് ഹബ്ബുകൾ സ്ഥാപിക്കാനും തുക വകയിരുത്തിയത് സർക്കാരിന്റെ കരുതലിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.