തൃശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഒ ജെ ജനീഷിനെ അറസ്റ്റ് ചെയ്‌തു
Friday 30 January 2026 3:13 PM IST
തൃശൂർ: സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഒ ജെ ജനീഷിനെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജനീഷിന്റെ നേതൃത്വത്തിൽ ജില്ലാ കളക്‌ടറേറ്റിലേക്കായിരുന്നു മാർച്ച്.
അമ്പതോളം പ്രവർത്തകരാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്. സ്റ്റേഷനിൽ പൊലീസും ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. മാർച്ചിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമമുണ്ടായതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. ഇതോടെ സംഘർഷം ശക്തമാവുകയും പൊലീസ് ജലപീരങ്കയടക്കം പ്രയോഗിക്കുകയും ചെയ്‌തു. പിന്നാലെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി.